കോഴഞ്ചേരി : വോളീബോളിന്റെ ദേശീയ താരമായിരുന്ന ഉദയകുമാറിനെ അടക്കം സംഭാവന ചെയ്ത കോഴഞ്ചേരിയിൽ ഇദംപ്രഥമമായി ഷട്ടിൽ ബാഡ്മിന്റൺ മാമാങ്കം അരങ്ങേറുന്നു. തേവർവേലിൽ ഇൻഡോർ സ്റ്റേഡിയത്തിൽ മൂന്നുമുതൽ അഞ്ചുവരെയാണ് മത്സരങ്ങൾ നടക്കുക. കോഴഞ്ചേരി, മേലുകര, മാരാമൺ ബാഡ്മിന്റൺ ക്ലബ്ബുകൾ സുവാൻ സ്‌പോർട്‌സുമായി ചേർന്നുകൊണ്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി 51 അംഗ കമ്മിറ്റിയും ഉണ്ട്. കോഴഞ്ചേരിയിൽ ആദ്യമായാണ് സംസ്ഥാനത്തെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുള്ള ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് നടക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായിട്ടായിരിക്കും മൽസരം നടക്കുക.

എ കാറ്റഗറിയിൽ സംസ്ഥാനത്തെ മികച്ച എട്ട് ടീമുകളും വെറ്ററൻ വിഭാഗത്തിൽ (45 വയസ്സിന് മുകളിൽ) 16 ടീമുകളും സി കാറ്റഗറിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന സീഡ് ചെയ്യപ്പെടാത്ത 64 ടീമുകളും പങ്കെടുക്കും. വിജയികൾക്ക് 43,000 രൂപ പ്രൈസ്‌മണിയും ട്രോഫികളും നൽകും. വിവിധ മേഖലയിലുള്ള പ്രമുഖരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് കോഴഞ്ചേരി തേവർവേലിൽ കുടുബയോഗഹാളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി സുവാൻ സ്‌പോർട്‌സിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് അവസാന ദിവസമായ അഞ്ചിന് നടത്തുന്ന നറുക്കെടുപ്പിലൂടെ ബ്രാൻഡഡ് സ്‌പോർട്‌സ് കമ്പനികളുടെ ആകർഷകമായ കായിക ഉപകരണങ്ങൾ സമ്മനങ്ങളായി നൽകും. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ: 7306930943.