റാന്നി : അട്ടപ്പാടിയിൽ ആദിവാസി ക്ഷേമപ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ കോടിക്കണക്കിന് രൂപ നൽകി വരുമ്പോഴും അവിടെ ശിശുമരണങ്ങൾ വർധിക്കുകയാണെന്ന് ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി ഡി.പുരന്ദേശ്വരി പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ട് എവിടെ പോകുന്നുവെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം. കേന്ദ്രം നൽകുന്ന വിവിധ ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിക്കുകയാണെന്ന് അവർ ആരോപിച്ചു. ബി.ജെ.പി. റാന്നി സമ്പൂർണ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.പുരന്ദേശ്വരി.

കേന്ദ്രം നൽകുന്ന ഫണ്ട് എവിടെപ്പോകുന്നുവെന്ന് ചോദിച്ചാൽ ഫണ്ട് തരുന്നില്ലെന്ന് പറയും. വിനിയോഗത്തിന്റെ വിശദാംശം തന്നാൽ മാത്രമേ തുടർന്ന് പണം നൽകൂ എന്ന് പറഞ്ഞിട്ടില്ല. രാജ്യത്തെ ഒന്നായി കാണുന്ന സമീപനമാണ് ബി.ജെ.പി.ക്കുള്ളത്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ല. എന്നാൽ, കേരളം വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. ഹലാൽ വിവാദത്തിൽ മുഖ്യമന്ത്രിയുടെ സമീപനം തെറ്റാണ്. അതും വോട്ടുബാങ്ക് ലക്ഷ്യമിട്ടാണെന്ന്‌ അവർ പറഞ്ഞു.

ബി.ജെ.പി. ജില്ലാ സെക്രട്ടറി അഡ്വ. ഷൈൻ ജി.കുറുപ്പ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ദേശീയ സെക്രട്ടറി സി.പി.രാധാകൃഷ്ണൻ, ദേശീയ കൗൺസിൽ അംഗം പ്രതാപചന്ദ്ര വർമ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ, സംസ്ഥാന സംഘടന സെക്രട്ടറി എം.ഗണേഷ്, മേഖലാ സംഘടനാ സെക്രട്ടറി കൂവെ സുരേഷ്, കർഷക മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി ആർ.നായർ, സംസ്ഥാന സെക്രട്ടറിമാരായ പന്തളം പ്രതാപൻ, രാജി പ്രസാദ്, ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, കെ.സോമൻ, അഡ്വ. അരുൺ പ്രകാശ്, ജയശങ്കർ, എം.എസ്.അനിൽ, പ്രദീപ് അയിരൂർ, ഗോപാലകൃഷ്ണൻ കർത്താ, കെ.ബിന്ദു, സിനു എസ്.പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.