കൂടൽ : ഓരോ തിരഞ്ഞെടുപ്പിലും പ്രായമായവരെയും രോഗികളെയും എടുത്തുവേണമായിരുന്നു കൂടൽ ഗവ. എൽ.പി. സ്‌കൂളിലെ ബൂത്തുകളിലേക്ക് എത്താൻ. പുതിയ വഴിയുണ്ടാക്കി അവിടെ കവാടം നിർമിച്ചാണ് ബുദ്ധിമുട്ടിന് പരിഹാരം കണ്ടത്.
ഏഴുപതിറ്റാണ്ടായി ഇടുങ്ങിയ പടിക്കെട്ട് കയറിയാണ് വിദ്യാർഥികൾ സ്‌കൂളിലും വോട്ടർമാർ ബൂത്തിലും എത്തിയിരുന്നത്.
കലഞ്ഞൂർ പഞ്ചായത്തിലെ മൂന്ന് പോളിങ് ബൂത്തുകൾ ഈ സ്‌കൂളിലാണ്. തോട്ടം തൊഴിലാളികൾ ഉൾപ്പെടെ വോട്ട് ചെയ്യാനെത്തുന്നതും ഇവിടെയാണ്.
റോഡിനോട് ചേർന്നായിരുന്നു സ്‌കൂളിന്റെ പടിക്കെട്ട്. വാഹനത്തിൽ എത്തുന്നവർക്കും ബുദ്ധിമുട്ടുകളായിരുന്നു. ദൂരെ മാറ്റി വാഹനം നിർത്തിയശേഷം മാത്രമേ സ്കൂളിെലത്താൻ കഴിയുമായിരുന്നുള്ളൂ. മുൻപ് ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങൾ റോഡിൽനിന്ന് ചുമന്നാണ് സ്‌കൂളിലെത്തിച്ചിരുന്നത്.
ഇതിനുപരിഹാരമായ കൂടൽ-രാജഗിരി റോഡിന്റെ തെക്കേയറ്റത്ത് പുതിയ വഴിയുണ്ടാക്കി കവാടം നിർമിച്ചു. രണ്ട് ബൂത്ത് പ്രവർത്തിക്കുന്ന സ്‌കൂളിന്റെ താഴത്തെ കെട്ടിടം വരെ ഇപ്പോൾ വാഹനമെത്തും.
സ്‌കൂളിന്റെ തുടക്കംമുതൽ ഉപയോഗിച്ചിരുന്ന പടിക്കെട്ടുകൾ പൗരാണികത നിലനിർത്തി സംരക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം.
റോഡിന്റെ ഒന്നാം ഘട്ടമാണ് പൂർത്തിയായതെന്നും മുകളിലത്തെ കെട്ടിടം വരെ റോഡ് നിർമിക്കാനാണ് ശ്രമമെന്നും പ്രഥമാധ്യാപകൻ തോമസ് തുണ്ടിയത്ത് പറഞ്ഞു.