റാന്നി : കണക്കുകൂട്ടലുകൾ പാളിയ കോടികളുടെ പദ്ധതികളിൽ പ്രധാനമാണ് റാന്നി പുതിയ പാലം നിർമാണം. ഇപ്പോൾ പണി മുടങ്ങി കിടക്കുന്നു. നിർമാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്കാത്താണ് തടസ്സം. നടപടികൾ ഇപ്പോഴും അനിശ്ചിതമായി നീളുകയാണ്.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ എത്തുന്നവർക്ക് റാന്നിയിലെ ഗതാഗതക്കുരുക്ക് എന്നുമൊരുശാപമാണ്. അതിന് പരിഹാരമായിട്ടാണ് ടൗണിന്റെ മധ്യത്തിലൂടെ പോകുന്ന പമ്പാനദിയിൽ ഒരുപാലം കൂടി നിർമിക്കാൻ തീരുമാനിച്ചത്. ഇതിനൊപ്പം ടൗണിൽ സംസ്ഥാനപാതയ്ക്ക് സമാന്തരമായി റോഡും.

2016-17-ൽ 27 കോടി രൂപയുടെ അനുമതി ലഭിച്ച പദ്ധതിയാണിത്. 317 മീറ്റർ നീളമുള്ള പാലം റാന്നിയിൽ വരുന്നു. അതും ജില്ലയിലെ ഏറ്റവും നീളം കൂടിയ പാലം. ഒപ്പം പുനലൂർ-മൂവാറ്റുപുഴ റോഡിന് സമാന്തരമായി റാന്നി ബ്ലോക്കുപടിയിൽ നിന്ന് ആരംഭിച്ച് രാമപുരത്തെത്തുന്ന റോഡും. റാന്നി ടൗണിനെ ഇതുമാറ്റി മറിക്കുമെന്നായിരുന്നു പ്രതീക്ഷ. രണ്ട് വർഷം മുമ്പ് നിർമാണം തുടങ്ങി.

പണി നടക്കുന്നതിനിടയിൽ സ്ഥലമെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലാണിവിടെ പാളിയത്. നദിയിലേയും തീരത്തേയും തൂണുകൾ വേഗത്തിൽ ഉയർന്നു. എന്നാൽ, അങ്ങാടി കരയിൽ രണ്ട് തൂണുകൾ നിർമിക്കാനും റോഡ് നവീകരണത്തിനുമുള്ള സ്ഥലം ഏറ്റെടുക്കലും അനിശ്ചിതത്വത്തിലായി. സ്ഥലം നല്കാൻ ഉടമകൾ തയ്യാറാണ്. പക്ഷേ, സ്ഥലം ഏറ്റെടുക്കുമ്പോൾ പണം നല്കണം. തർക്കങ്ങൾ ഒരുപരിധിവരെ പരിഹരിച്ചെങ്കിലും നടപടികൾ ഇഴഞ്ഞാണ് നീങ്ങിയത്. ഇപ്പോഴും പൂർത്തിയായിട്ടില്ല.

തൂണുകൾ നിർമിക്കാനും റോഡിനും ആവശ്യമായ സ്ഥലം ലഭിച്ചില്ലെങ്കിൽ പാലം നിർമാണം നിർത്തിവെയ്ക്കേണ്ടി വരുമെന്ന് കരാറുകാർ പലതവണ മുന്നറിയിപ്പ് നല്കിയിരുന്നു. പറയുന്നതല്ലാതെ ഒന്നും നടക്കില്ലെന്ന് മനസ്സിലാക്കിയ കരാറുകാർ നാലുമാസം മുമ്പ് പണി നിർത്തി മടങ്ങി.

പെരുമ്പുഴ ഭാഗത്ത് തൂണുകൾ നിർമിച്ച് അവയെ ബന്ധിപ്പിച്ച് ഗർഡറുകളും സ്ഥാപിച്ചു. നദിയിലെ തൂണുകളും പൂർത്തിയായി. എന്നാൽ, അങ്ങാടി കരയിലെ തൂണുകളേയും റോഡിനെയുമാണ് സ്ഥലം ലഭിക്കാത്തത് ബാധിച്ചത്.

സ്ഥലമേറ്റെടുത്ത് വരുമ്പോഴേക്കും കാലം കുറെ നീങ്ങും. ഇനിയും പഴയ തുകയിൽ നിർമാണം ഏറ്റെടുക്കാൻ കരാറുകാരൻ തയ്യാറാവില്ല. എസ്റ്റിമേറ്റ് പുതുക്കും. സർക്കാരിന് പിന്നെയും നഷ്ടം. അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ വൈകിയതടക്കം വിവിധ കാരണങ്ങളാൽ നിർമാണം വർഷങ്ങളോളം നീണ്ട് പേരൂച്ചാൽ, പൂവത്തുംമൂട് പാലങ്ങളുടെ ഗതി ആവരുതേ ഇതിനും എന്നാണ് നാട്ടുകാരുടെ അപേക്ഷ.

നാലുവർഷം പണിതിട്ടും തീരാത്ത പദ്ധതിയെക്കുറിച്ച്നാളെ വായിക്കാം

ഹാപ്പി ബർത്ത് ഡേ

: റാന്നി താലൂക്ക് നിലവിൽ വന്നപ്പോൾ മലയോര നിവാസികൾക്ക് പ്രതീക്ഷകളേറെയായിരുന്നു. ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഇനിയും ആയിട്ടില്ല. റാന്നിക്ക് ചിന്തിക്കാവുന്നതിലുമധികം ഉയരത്തിലേക്ക് വളരാൻ സഹായകമാവുന്ന രണ്ട് പദ്ധതികളാണ് സർക്കാർ പരിഗണനയിലുള്ള നിർദ്ദിഷ്ട ശബരിമല വിമാനത്താവളവും വികസനം പൂർത്തിയായി വരുന്ന പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയും. അതിനനുസൃതമായി റാന്നിയിലുമുണ്ടാവണം പുതിയ പദ്ധതികൾ.

പദ്ധതികൾ നടപ്പിലാക്കുമ്പോൾ ശരിയായ ആസൂത്രണം അനിവാര്യമാണ്. അതിലെ കണക്കുകൂട്ടലുകൾ കൃത്യമാവണം. എങ്കിൽ മാത്രമേ സമയബന്ധിതമായി അത് പൂർത്തിയാക്കാനാവൂ. വലിഞ്ഞുനീങ്ങലിന് കാരണം പലതാവാം. ഉദ്യോഗസ്ഥരുടെ അനാസ്ഥ, കരാറുകാരന്റെ അലംഭാവം, ഫണ്ടിന്റെ അപര്യാപ്തത, അവലോകനം ഇല്ലായ്മ എന്നിങ്ങനെ നീളും. പദ്ധതി തുടങ്ങുമ്പോൾ ജനം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അത്തരം പദ്ധതികളുടെ പണികൾ വർഷങ്ങൾ നീളുന്നത് റാന്നിയിലെ തുടർച്ചയായ കാഴ്ചയാണ്.