കോഴഞ്ചേരി : ‘നടക്കാൻ കൊള്ളാവുന്ന നല്ലൊരു വഴി വേണമെന്നേ വിചാരിച്ചുള്ളൂ. അതുകിട്ടി. പക്ഷേ, ഇപ്പത്തോന്നുന്നു, ഇത്രയ്ക്കങ്ങോട്ട് വേണ്ടായിരുന്നെന്ന്. പേടിച്ചാ നടക്കുന്നത്’-ഉന്നതനിലവാരമുള്ള കോഴഞ്ചേരി-റാന്നി റോഡിനെപ്പറ്റി പറയുമ്പോൾ ‘മാതൃഭൂമി’ ഏജന്റ് എൻ.കെ.മധുസൂദനന്റെ മുഖത്ത് എന്തെന്നില്ലാത്തൊരാശങ്ക. ‘കാണാൻ നല്ല റോഡൊക്കെയാ, ജീവൻ വേണേൽ മാറിനിന്നോണേ...’ ചെറുകോൽ വാഴക്കുന്നത്തിന് സമീപം നെല്ലിക്കൽപ്പടി-ചെറുകുളത്തുപടിവരെയുള്ള ഭാഗത്ത് കനാലിൽനിന്ന് കാടും തീറ്റപ്പുല്ലും തേറകം അടക്കമുള്ള പാഴ്‌മരങ്ങളും വളർന്ന് റോഡിലേക്ക് കിടക്കുന്നിടത്ത് സ്ഥിരം അപകടംതന്നെയെന്നും മധു.

മുൻ പഞ്ചായത്തംഗവും ബി.ജെ.പി. നേതാവുമായ സി.കെ.ഹരിശ്ചന്ദ്രൻ നായരെ കണ്ടു. അപ്പോഴാണ് രാത്രിയും പകലുമില്ലാതെ ചീറിപ്പായുന്ന ടോറസ് ലോറികളുടെ അതിവേഗത്തെപ്പറ്റിയുള്ള പേടിപ്പിക്കുന്ന കഥകളറിയുന്നത്. ഇരുചക്രവാഹനക്കാരെ ഭയപ്പെടുത്തുംവിധമാണ് പോക്ക്. താരതമ്യേന വീതി കുറഞ്ഞതാണ് ഈ ഭാഗം. പടർപ്പുകൾ രണ്ടുവർഷത്തിലേറെയായി വളർന്ന്‌ മുന്നേറുകയാണ്. ആര് വെട്ടിമാറ്റുമെന്നതാണ് ചോദ്യം. വ്യാഴാഴ്ച അപകടവുമുണ്ടായി.

നാലുമണിയോടെ കാറും ലോറിയും കൂട്ടിയിടിച്ചു. മറ്റൊരു വാഹനത്തെ മറികടന്നുചെന്ന കാറിനെ ലോറിഡ്രൈവർ പടർപ്പുകാരണം കാണാതെപോയതാണ് അപകടകാരണം.

ഏറെനാളായി കാടുനീക്കാത്തതുമൂലം കാട്ടുപന്നികൾക്ക് താവളവുമൊരുങ്ങി. എപ്പോൾവേണമെങ്കിലും കുത്തുകിട്ടാം. സൂക്ഷിച്ചോണം. പമ്മിയിരുന്നാണ് ആക്രമണം. പാമ്പുകളുടെ എണ്ണത്തിനും കുറവില്ല. കാൽനടക്കാരെയും ഇരുചക്രവാഹനക്കാരെയും പന്നികൾ ആക്രമിക്കാനെത്തുക പതിവാണ്. മരണഭീതിയാണ് നാട്ടുകാർക്ക്. ടിപ്പർ, ടോറസ് ലോറികളുടെ പാച്ചിലിെനാപ്പം നിൽക്കും തമിഴ്‌നാട്ടിൽനിന്ന് കോഴിയും പച്ചക്കറികളുമായി വരുന്ന വാഹനങ്ങൾ. പുലർച്ചെ വാഹനങ്ങളുടെ അമിതവേഗം കണ്ടുള്ള ഭീതികാരണം പുലർകാലനടത്തം വേണ്ടെന്നുവെച്ചു. വേഗനിയന്ത്രണസംവിധാനം ഒരുക്കാൻ അധികൃതർക്ക് മടി. കാരണം മനസ്സിലാകുന്നില്ലെന്നും ഹരിശ്ചന്ദ്രൻ നായർ. ഭയപ്പാടോടെയാണ് റോഡിലൂടെ സഞ്ചരിക്കുന്നതെന്ന വാക്കുകൾ കേട്ട് അല്പം ഭയത്തോടെ വാഹനമോടിച്ച് തിരികെപ്പോയി. കോഴഞ്ചേരി റോഡിന് ‘ഉന്നത നിലവാരം’ ഉണ്ട്.പക്ഷേ, ഈ റോഡിനെ അറിയുന്നവർക്കറിയാം സ്ഥിതി എന്താണെന്ന്. മാതൃഭൂമി കോഴഞ്ചേരി ലേഖകൻ എൻ.ശ്രീകുമാർഈ പാതയിലൂടെ സഞ്ചരിച്ച് ജനങ്ങളുടെ മനസ്സറിയുകയാണ്...