പത്തനംതിട്ട: വേനല്‍ കനത്തതോടെ വന്യജീവികളും പാമ്പുകളും നാട്ടിടങ്ങളിലേക്ക്. കോന്നി മെഡിക്കല്‍ കോളേജിന്റെ മുറ്റത്തും പാടത്തുമെല്ലാം പുലികളാണെത്തിയത്.

മെഡിക്കല്‍ കോളേജിന്റെ വളപ്പിലെ പാറമേല്‍ ഇത് രണ്ടാം തവണയാണ് പുലിയിറങ്ങുന്നത്. പാടത്ത് സ്ഥിരമായി പുലികള്‍ വന്നെത്തുന്നു. കൂടല്‍ പോത്തുപാറയില്‍ പലവട്ടം പുലിയെ കണ്ടു. കലഞ്ഞൂര്‍ ഡിപ്പോ ജങ്ഷനില്‍ പൂമരുതിക്കുഴിയില്‍ വലിയകോണില്‍ വീടിന് തൊട്ടുമുന്‍പിലാണ് പുലിയെ കണ്ടത്.

ഫാമിങ് കോര്‍പ്പറേഷന്റെ തോട്ടത്തില്‍നിന്നാണ് പുലി ഇവിടേക്ക് വന്നതെന്നാണ് കരുതുന്നത്. ഇവിടെ ടാപ്പിങ് തൊഴിലാളികളും പുലിയെ കണ്ടിട്ടുണ്ട്. സീതത്തോട്, ചിറ്റാര്‍ മേഖലകളിലും പലയിടത്തും പുലിയിറങ്ങിയതായി കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥിരീകരിച്ചു.

കൃഷിയിടമാകെ പന്നികള്‍

പന്നികളുടെ കടന്നുകയറ്റം വ്യാപകമാണ്. വള്ളിക്കോട്, റാന്നി, മൈലപ്ര, പൂവന്‍മല, കോന്നി, കൂടല്‍, കലഞ്ഞൂര്‍, മെഴുവേലി എന്നിവിടങ്ങളിലെല്ലാം പന്നി വ്യാപകമായ കൃഷിനാശം വരുത്തുന്നു.

വള്ളിക്കോട് പന്നികളുടെ ശല്യം നെല്‍പ്പാടത്തുമുണ്ട്. പാടത്ത് കിടന്നുരുണ്ട് നെല്ല് നശിപ്പിക്കുന്നു. പന്നികളുടെ ശരീരത്തില്‍പറ്റിയിരിക്കുന്ന തോട്ടപ്പുഴു പാടത്തിലേക്ക് കാര്യമായി എത്തുന്നുണ്ട്. ഇത് കൃഷിപ്പണിക്ക് ഇറങ്ങുന്നവര്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നു.

റാന്നി, മക്കപ്പുഴ മേഖലകളില്‍ പന്നികള്‍ കൂട്ടമായി പുനലൂര്‍-പൊന്‍കുന്നം റോഡ് മുറിച്ചുകടക്കുന്നത് ഇപ്പോള്‍ പതിവാണ്. രാത്രിയില്‍ ബൈക്ക് യാത്രികര്‍ സ്ഥിരമായി അപകടത്തില്‍പ്പെടുന്നുണ്ട്. മക്കപ്പുഴയില്‍ കഴിഞ്ഞദിവസം രണ്ടുപേര്‍ക്ക് ബൈക്കു മറിഞ്ഞ് പരിക്കേറ്റു.

-ശ്രീകുമാര്‍, ശ്രീവിലാസം, മക്കപ്പുഴ

വനനാശം കാരണം

വനം നശിപ്പിക്കുന്നത് വന്യജീവികള്‍ നാട്ടിലിറങ്ങുന്നതിന് കാരണമാകുന്നുണ്ട്. ചില വനങ്ങളില്‍ സ്വകാര്യ വിനോദസഞ്ചാരത്തിന് രാത്രി സഫാരി നടത്തുന്നുവെന്ന് വിവരം കിട്ടിയിട്ടുണ്ട്.

നാട്ടില്‍ കാണുന്ന പാമ്പുകളെ പിടിച്ച് കൊണ്ടുപോകുക എന്നത് പതിവായി. മൂര്‍ഖനൊക്കെ നാട്ടില്‍ കാര്യമായി ഉള്ളതാണ്. ഇതൊന്നും കാട്ടില്‍ മാത്രമുള്ളതല്ല. മണ്ണ് വ്യാപകമായി ഇളക്കുന്നത് അടക്കമുള്ള പ്രശ്‌നമുണ്ട്.

-എം.എന്‍.ജയചന്ദ്രന്‍, എസ്.പി.സി.എ.

പുലിയെ കണ്ടത് സ്ഥിരീകരിച്ചിട്ടില്ല

കലഞ്ഞൂര്‍ മേഖലയില്‍ പുലിയെ കണ്ടതായി വിവരം കിട്ടി. പക്ഷേ, വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. പൂമരുതിക്കുഴിപോലുള്ള സ്ഥലങ്ങളില്‍ കൂടു വെച്ചിട്ടുണ്ട്. പുലികളുടെ ആവാസവ്യവസ്ഥയില്‍ മുറിവ് സംഭവിച്ചു. വെള്ളത്തിന്റെ കുറവ്, ചൂട് എന്നിവയും കാരണമാണ്.

-പദ്മകുമാര്‍, പാടം റേഞ്ച് ഓഫീസര്‍