മ​ല്ലപ്പള്ളി: ഇന്ത്യന്‍ വോളിബോള്‍ ടീം വൈസ് ക്യാപ്റ്റനായിരുന്ന മല്ലപ്പള്ളി വര്‍ക്കിയുടെ ജന്മനാട്ടില്‍ വീണ്ടും പന്തുകളിയുടെ ആരവം. പബ്ലിക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടങ്ങിയ പരിശീലനക്കളരിയാണ് വിസില്‍മുഴക്കത്തിന്റെയും സ്മാഷിന്റെയും ആവേശം കായികപ്രേമികളിലെത്തിക്കുന്നത്.

മല്ലപ്പള്ളിക്കാരുടെ സ്ഥാനം ടൂര്‍ണമെന്റ് ഗാലറിയില്‍ അല്ല കോര്‍ട്ടിലാണ് എന്ന് വാദിച്ചിരുന്ന വര്‍ക്കി ജീവിച്ചിരുന്ന കാലത്ത് ദേശീയടീമുകളില്‍ വരെ ഇടംപിടിച്ച മല്ലപ്പള്ളിക്കാര്‍ ഉണ്ടായിരുന്നു. പിന്നീട് കളിക്കാര്‍ കുറഞ്ഞു. കളിക്കമ്പക്കാര്‍ മാത്രമായി ചുരുങ്ങി. വര്‍ക്കിയുടെ വാക്കുകള്‍ പിന്തുടര്‍ന്ന് ഗാലറിയില്‍നിന്ന് കോര്‍ട്ടിലേക്ക് കുട്ടികളെ വീണ്ടും കൊണ്ടുവരാനാണ് പരിശീലനക്കളരി ലക്ഷ്യമിടുന്നത്.

രണ്ടാഴ്ചത്തെ സൗജന്യ പരിശീലനമാണ് നല്‍കുന്നത്. തുരുത്തിക്കാട് ബി.എ.എം.കോളേജ് കായികവിഭാഗം മേധാവി തോമസ് സ്‌കറിയ, എസ്.ആനന്ദ് തുടങ്ങിയവരാണ് അധ്യാപകര്‍. വോളിബോള്‍ അസോസിയേഷന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ സഹായം ലഭിച്ചാല്‍ പദ്ധതി തുടരാമെന്ന പ്രതീക്ഷയാണ് സംഘാടകര്‍ക്ക്.