തിരുവല്ല: അപ്പര്‍കുട്ടനാട്ടില്‍ പുഞ്ചകൃഷിക്കുള്ള വിത്തുവിതയ്ക്കല്‍ അവസാനഘട്ടത്തില്‍. തുലാമഴ നീണ്ടതുമൂലം വൈകിയാണ് ഇത്തവണ മിക്കപാടശേഖരങ്ങളിലും കൃഷി തുടങ്ങിയത്.

ആദ്യഘട്ടത്തില്‍ ഒരുക്കിയ നിലങ്ങള്‍ കനത്തമഴയില്‍ മുങ്ങിയതോടെ വീണ്ടും ഒരുക്കിയെടുക്കേണ്ടിവന്നു. ഡിസംബര്‍ 15-ഓടെ വിത പൂര്‍ത്തിയാക്കും. നവംബര്‍ 28 മുതലാണ് മേഖലയില്‍ വിത തുടങ്ങിയത്. രണ്ടായിരത്തോളം ഹെക്ടര്‍ പാടമാണുള്ളത്. ഇവിടെ ഏറക്കുറെ സമയവ്യത്യാസമില്ലാതെ ഇത്തവണ വിതയിറക്കിയത് വിളവെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നുണ്ട്.

ഒരുക്കം പാളി

1012 ഹെക്ടറില്‍ നെല്‍കൃഷിയുള്ള പെരിങ്ങരയാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന പഞ്ചായത്ത്. വലിയ പാടശേഖരങ്ങളായ വേങ്ങല്‍, കൈപ്പുഴാക്ക, പടവിനകം, ചാത്തങ്കരി എന്നിവിടങ്ങളില്‍ മുന്നൊരുക്കങ്ങള്‍ നവംബര്‍ ആദ്യം പെയ്ത കനത്തമഴയില്‍ പാളിപ്പോയി.

ചാത്തങ്കരിയിലടക്കം മട വീണു. ഒക്ടോബറില്‍ തുടങ്ങിയ പണി മഴയെത്തുടര്‍ന്ന് ഇടയ്ക്ക് നിര്‍ത്തി. വീണ്ടും പണി തുടങ്ങിയപ്പോഴാണ് മഴയെത്തിയത്. പാടങ്ങളില്‍ മട വീഴാതിരിക്കാന്‍ വറ്റിച്ച വെള്ളം തിരികെ കയറ്റേണ്ടിവന്നു. വേങ്ങല്‍, കൈപ്പുഴാക്ക പാടങ്ങളില്‍ നവംബര്‍ 15-ന് വിതയിറക്കാന്‍ നടത്തിയ നീക്കം വിജയിച്ചില്ല. ചാത്തങ്കരിയില്‍ ഡിസംബറിന് മുമ്പ് കൃഷിതുടങ്ങാനുള്ള നീക്കവും വിജയം കണ്ടില്ല. ഇവിടെ വിത പൂര്‍ത്തിയായി വരുന്നതേയുള്ളൂ. കോടങ്കരിയില്‍ വിത തുടങ്ങി.

കര്‍ഷകരുടെ ആശങ്കകള്‍

തുടക്കം പാളിയാല്‍ ഒടുക്കം എന്താകുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്. നവംബര്‍ ആദ്യം മുതല്‍ ഡിസംബര്‍ അവസാനം വരെ നീളുന്ന വിതയ്ക്കല്‍ പ്രക്രിയയായിരുന്നു മുമ്പ്. ചാത്തങ്കരി പാടത്ത് കഴിഞ്ഞ തവണ ഡിസംബര്‍ 25-ന് ആണ് വിത പൂര്‍ത്തിയായത്. ഓരോ പാടത്തും വ്യത്യസ്ത സമയക്രമമായിരുന്നു. തൊഴിലാളി ക്ഷാമം, യന്ത്രക്ഷാമം തുടങ്ങിയ പ്രശ്നങ്ങള്‍ കര്‍ഷകര്‍ നിരത്തുന്നു.

• രണ്ടാഴ്ചയുടെ ഇടവേളയിലാണ് ഇത്രയും പാടങ്ങളില്‍ കൃഷി ഇറങ്ങിയത്.

• ഇതേ കാലയളവില്‍തന്നെ വിളവെടുപ്പും നടത്തണം.

• 25 ദിവസം പ്രായമാകുമ്പോള്‍ പറിച്ചുനടണം. വൈദഗ്ധ്യം ആവശ്യമുള്ള ഈ തൊഴിലിന് നിലവില്‍ പ്രാദേശിക തൊഴിലാളികളെയാണ് ഉപയോഗിക്കുന്നത്. പല ഘട്ടങ്ങളില്‍ കൃഷിയിറക്കുമ്പോള്‍പോലും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാറില്ല.

• മറുനാടന്‍ തൊഴിലാളികളെ കൃഷിക്ക് ഇറക്കുന്നതില്‍ പ്രാദേശികമായി പലയിടത്തും എതിര്‍പ്പുകളുണ്ട്.

• വിളവെടുപ്പുകാലം ഒന്നിച്ചെത്തുന്നതോടെ കൊയ്ത്ത് യന്ത്രം കിട്ടുന്നതിനുള്ള ബുദ്ധിമുട്ട്. കുട്ടനാട്ടിലും ഇത്തവണ കൃഷി വൈകി. ഇവിടേക്കാകും യന്ത്രങ്ങള്‍ ഏജന്റുമാര്‍ കൂട്ടത്തോടെ കൊണ്ടുപോവുക. അപ്പര്‍കുട്ടനാട്ടില്‍ യന്ത്രമെത്തിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ കാര്യമായ ഇടപെടല്‍ ഉണ്ടാകാറില്ല.

• വിളവെടുത്താലും സംഭരണത്തെയും ബാധിക്കും. കഴിഞ്ഞ സീസണില്‍ മൂന്നാഴ്ചവരെ വൈകിനെല്ല് സംഭരിച്ച സംഭവം ഉണ്ടായി. പാടത്ത് കൊയ്തിട്ടിരിക്കുന്ന നെല്ല് ഈര്‍പ്പം അടിച്ചാല്‍ വേഗം കിളിര്‍ക്കും.

• ഇതിനെല്ലാം പുറമേ വേനല്‍മഴയെത്തിയാല്‍ കാര്യങ്ങള്‍ ആകെ തകിടം മറിയും. 2008-09 സീസണില്‍ ഏപ്രിലില്‍ പെയ്ത വേനല്‍മഴയില്‍ ഭൂരിപക്ഷം കര്‍ഷകരുടേയും നെല്ല് കിളിര്‍ത്ത് നശിച്ച സംഭവം ഉണ്ടായിട്ടുണ്ട്.

ആലപ്പുഴയില്‍ തീരുമാനിക്കുന്ന രീതി മാറണം

പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെടുന്ന അപ്പര്‍കുട്ടനാട്ടിലെ നെല്‍കൃഷി കാര്യങ്ങളും കുട്ടനാട് ഐ.ആര്‍.സിയുടെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി ഭാഗമായി ആലപ്പുഴ കേന്ദ്രീകൃതമാണ്. ഇത് മാറണമെന്ന് പ്രാദേശിക കര്‍ഷകര്‍ക്ക് അഭിപ്രായമുണ്ട്.

ജില്ലയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി വന്നാല്‍ കാര്‍ഷിക കലണ്ടര്‍ ഉള്‍പ്പെടെ തയ്യാറാക്കി കൃഷി ശാസ്ത്രീയമാക്കാം. ഇങ്ങനെ വന്നാല്‍ കാലാവസ്ഥാ മാറ്റം അനുസരിച്ച് കൃഷി രീതി ക്രമീകരിക്കാനാവുമെന്ന് അപ്പര്‍കുട്ടനാട് നെല്‍കര്‍ഷക സമിതി പ്രസിഡന്റ് സാം ഈപ്പന്‍ ചൂണ്ടിക്കാട്ടുന്നു.