തിരുവല്ല: ടി.കെ.റോഡില്‍ മനയ്ക്കച്ചിറയില്‍ ലോറികളുടെ അനധികൃത പാര്‍ക്കിങ്. പി.ഡബ്യൂ.ഡിയുടെ സ്ഥലത്താണ് ലോറികള്‍ താവളമാക്കി മാറ്റിയിക്കുന്നത്.റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് വീതികൂട്ടി ടാറിങ് നടത്തിയിരുന്നു.
 
മനയ്ക്കച്ചിറ മുതല്‍ തോട്ടഭാഗംവരെ മൂന്നു കീലോമീറ്ററോളം ദൂരത്തില്‍ റോഡിന് ഇരുവശവും വന്‍കുഴികളായിരുന്നു. ഇവ മണ്ണിട്ട് നികത്തിയെടുത്തിരുന്നു. ഇതാണിപ്പോള്‍ സര്‍ക്കാരിന് യാതൊരുവിധ പ്രയോജനവുമില്ലാതെ മറ്റ് സംസ്ഥാനത്തുനിന്ന് എത്തുന്ന വണ്ടികളുടെ പാര്‍ക്കിങ് പ്രദേശമായി മാറിയിരിക്കുന്നത്.

ഇതുമൂലം ഇവിടം റോഡരികില്‍നിന്ന് മൂന്നടിയോളം താഴ്ന്നിരിക്കുന്നു. വണ്ടികള്‍ ഒന്നൊഴിയാതെ മിക്കപ്പോഴും കയറ്റിയിറക്കിയിടുന്നുണ്ട്. ഇതുകാരണം മണ്ണിട്ട് നികത്തിയിടം മഴയത്ത് ചെളിക്കുളമായി മാറുന്നു. സിമന്റും മറ്റുമായി വരുന്ന ഭാരവണ്ടികള്‍ ഇവിടെ താഴുക സാധാരണമാണ്. ഇവ കയറ്റാനായി വണ്ടികളെടുക്കുമ്പോള്‍ അത്രയും ഭാഗത്തെ മണ്ണുകൂടിയാണ് ടയറുകളില്‍ പറ്റിച്ച് കൊണ്ടുപോകുന്നു.
 
റോഡില്‍നിന്ന് സമീപത്തെ വീടുകളിലേക്ക് കയറാനുള്ള പാതവരെ അടച്ചാണ് ഇവയിടുക. നിരവധി വാഹനങ്ങള്‍ ഇങ്ങനെ പാര്‍ക്കു ചെയ്യുന്നതിനെതിരെ സമീപവാസികള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മനയ്ക്കച്ചിറ-കുറ്റൂര്‍ പാതയിലായിരുന്നു ഇവയിട്ടിരുന്നത്. വീണ്ടും ടി.കെ.റോഡരികിലായി ഇവരുടെ പാര്‍ക്കിങ്.

അധികൃതര്‍ നോ പാര്‍ക്കിങ് ബോര്‍ഡു വച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ല. സര്‍ക്കാര്‍ പുറമ്പോക്കായ ഇവിടെ ഇത്തരം വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് തുകയീടാക്കിയിരുന്നെങ്കില്‍ വരുമാനമെങ്കിലും ലഭിക്കുമായിരുന്നു.