തിരുവല്ല: അപ്പര്‍കുട്ടനാട് മേഖലയില്‍ നെല്‍കൃഷിക്ക് ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ തുക ചെലവഴിക്കാന്‍ അനുവാദം. തദ്ദേശ സ്വയംഭരണ വകുപ്പ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് അനുവാദം നല്‍കിയത്. ഇതിനായി മുന്‍ മാര്‍ഗരേഖയില്‍ ഇളവു വരുത്തുകയായിരുന്നു.

നെല്‍കൃഷിക്കുവേണ്ടി നിലം ഒരുക്കുന്നതിന് ഗ്രാമ പഞ്ചായത്തിനോടൊപ്പം 50 ശതമാനം വിഹിതം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്ക് വകയിരുത്താമെന്നായിരുന്നു മാര്‍ഗരേഖ. ഈ അനുപാതം ഒഴിവാക്കി ഗ്രാമ പഞ്ചായത്തിന് പരിമിതിക്കുള്ളില്‍ വകയിരുത്താന്‍ കഴിയുന്ന തുകയുടെ ബാക്കി ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്ക് ചെലവഴിക്കാന്‍ അനുമതി നല്‍കണമെന്ന് പെരിങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും, അപ്പര്‍ കുട്ടനാട് നെല്‍കര്‍ഷക സമിതിയും ആവശ്യപ്പെട്ടിരുന്നു.

പെരിങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബേക്കബ്, സമിതി പസിഡന്റ് സാം ഈപ്പന്‍ എന്നിവര്‍ നല്‍കിയ നിവേദനങ്ങള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പരിഗണിച്ചു.