കോഴഞ്ചേരി: തിരുവാഭരണഘോഷയാത്രയ്ക്ക് നടെങ്ങും ഭക്തിനിർഭരമായ സ്വീകരണം. പന്തളത്തുനിന്ന് പുറപ്പെട്ട ഘോഷയാത്രയുടെ പാതയിലെ ഇരുവശങ്ങളിലേയും നാനാജാതി മതസ്ഥരായ വീട്ടുകാരും വ്യാപാരികളും നിലവിളക്ക് തെളിച്ചും കർപ്പൂരം കത്തിച്ചും വരവേറ്റു. ലഘുഭക്ഷണങ്ങളും വിതരണം ചെയ്തു.    കുറിയാനിപ്പള്ളി വഴി കിടങ്ങന്നൂർ ജങ്‌ഷനിലെത്തിയ ഘോഷയാത്രയെ അയ്യപ്പൻമാരും ഭക്തജനങ്ങളും ചേർന്ന് ശരണംവിളികളോടെ സ്വീകരിച്ചു. 

ശിവമയം കുടുംബത്തിൽ ഘോഷയാത്രയ്ക്ക് പ്രത്യേക സ്വീകരണം നൽകി. ആറ് പതിറ്റാണ്ടുമുമ്പ് ശിവശങ്കരൻനായർ വിപുലമാക്കിയ സ്വീകരണം കുടുംബാംഗങ്ങൾ ആചാരാനുഷ്ഠാനത്തോടെ നിറവേറ്റി. രാവിലെ മുതൽ പാതയിൽ അയ്യപ്പൻമാരുടെ തിരക്കായതിനാൽ വിശ്രമ സൗകര്യവും ലഘുഭക്ഷണവും ഇവിടെ ഒരുക്കി. ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടാൽ ഒരു കുടുംബം സ്വീകരണം നൽകുന്നത് ഇവിടെയാണ്.  ആറന്മുള ഐക്കര ജങ്‌ഷനിൽ അയ്യപ്പസേവാസമാജം, ഓട്ടോ ബ്രദേഴ്‌സ് സാംസ്‌കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അയ്യപ്പ സേവാസമിതി കോഴിക്കോട് ബ്രഹ്മഭജൻസിന്റെ നാമസങ്കീർത്തനവും ഒരുക്കി.

ആറന്മുള കിഴക്കേനടയിൽ എൻ.എസ്.എസ്.കരയോഗം, പള്ളിയോട കരയോഗം, പാർത്ഥസാരഥി സേവാസമിതി, മല്ലപ്പുഴശേരി പഞ്ചായത്ത്, ക്ഷേത്ര ഉപദേശക സമിതി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.  വഞ്ചിത്ര വഴി കോഴഞ്ചേരി കുന്ന്കയറിയിറങ്ങിയ ഘോഷയാത്രയെ 825-ാം നമ്പർ എൻ.എസ്‌.എസ്. കരയോഗവും അയ്യപ്പസേവാ നായർസമാജവും ചേർന്ന് വാദ്യമേളങ്ങളോടെയും കർപ്പൂരദീപപ്രഭയിൽ ശരണംവിളികളോടെ പാമ്പാടിമൺ അയ്യപ്പക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. 

ഘോഷയാത്രയുടെ ഒന്നാംദിനം ദർശനസൗകര്യമുള്ള ക്ഷേത്രം എന്നനിലയിൽ വൈകീട്ട് നാല് മുതൽ പാമ്പാടിമൺ ക്ഷേത്രത്തിന് മുമ്പിൽ ഭക്തരുടെ നീണ്ടനിര ഉണ്ടായിരുന്നു. പന്തളം രാജപ്രതിനിധി എത്തിയശേഷം ആചാരപ്രകാരമുള്ള ദീപാരാധന നടന്നു.   നെടിയത്ത് ജങ്‌ഷനിൽ ഹിന്ദുഐക്യവേദി പ്രവർത്തകർ സ്വീകരിച്ചു. മേലുകര വഴി ചെറുകോൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തിയ സംഘത്തിനെ ഉപദേശക സമിതി, ചെറുകോൽ പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. 

ഘോഷയാത്രയ്ക്ക് ഒപ്പം എത്തിയവർക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പും നടത്തി. വാഴക്കുന്നം നീർപ്പാലം കടന്ന് നീലംപ്ലാവിൽ എത്തിയ ഘോഷയാത്രയ്ക്ക് അയിരൂർ ഗ്രാമപ്പഞ്ചായത്ത് സ്വീകരണം നൽകി. ഘോഷയാത്രാസംഘം ഒന്നാംദിവസം വിശ്രമിക്കുന്ന അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉപദേശകസമിതി ഭാരവാഹികൾ ഭക്തിനിർഭരമായ സ്വീകരണം നൽകി. ഘോഷയാത്രയ്ക്ക് ഒപ്പം എത്തിയ മുഴുവൻ ഭക്തർക്കും സമിതി അന്നദാനം നൽകി. തിരുവാഭരണം തുറന്ന് ദർശനസൗകര്യം ഇവിടെ ഉള്ളതിനാൽ വൻസുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിരുന്നു. സന്ധ്യമുതൽ കാത്തുനിന്ന് ആയിരങ്ങളാണ് ഇവിടെ തിരുവാഭരണദർശനം നടത്തിയത്.