തെള്ളിയൂര്‍: മധ്യതിരുവിതാംകൂറില്‍ ഉത്സവകാലത്തെ ആദ്യ പടയണിക്ക് തെള്ളിയൂര്‍ക്കാവ് ഒരുങ്ങുന്നു. ഡിസംബര്‍ 20 മുതല്‍ 25 വരെ നടക്കുന്ന പടയണിയുടെ പരിശീലനം വ്യാഴാഴ്ച രാത്രി ഒന്‍പതിന് തുടങ്ങും. കരികാട്ട് തറവാട്ടിലെ നിലവറയില്‍ നിന്ന് പകര്‍ന്ന ദീപം പരിശീലനകളത്തില്‍ കൊളുത്തിയാണ് ഗണപതിചവിട്ട് ആരംഭിക്കുക.
പരിശീലനകളരിയിലെ ദീപം ഉപദേശകസമിതി പ്രസിഡന്റ് ജി.അനില്‍കുമാര്‍ തെളിക്കും. തെള്ളിയൂര്‍ പാട്ടമ്പലം എല്‍.പി.സ്‌കൂളിലാണ് എല്ലാ ദിവസവും പരിശീലനം നടക്കുന്നത്. പടയണിപ്പാട്ടും ചുവടും താളവും ഓര്‍മിച്ചെടുക്കാനുള്ള പരിശീലനത്തില്‍ ഗുരുനാഥന്മാര്‍ മുതല്‍ പുതിയ കുട്ടികളുണ്ടാകും. ഉപദേശകസമിതിയും പടയണിസംഘവുമാണ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്.