ശബരിമല : അയ്യപ്പസന്നിധിയിലും പരിസരങ്ങളിലും മാലിന്യരഹിതമെന്ന് അഭിമാനിക്കുമ്പോഴും പിന്നാമ്പുറങ്ങളില്‍ സങ്കടക്കാഴ്ചകളാണിപ്പോഴും. വലിയ നടപ്പന്തലിന് താഴെ കൊപ്രാക്കളത്തില്‍ ജോലിചെയ്യുന്നവര്‍ താമസിക്കുന്നതിന് മുന്പില് മലിനജലം കെട്ടിക്കിടക്കുകയാണ്. അതിലേറെ കഷ്ടമാണ് സന്നിധാനത്തെ മാലിന്യം കത്തിക്കുന്ന അറുപതോളം മനുഷ്യരുടെ അവസ്ഥ.
24മണിക്കൂറും മാലിന്യം കത്തിക്കുന്ന ഇന്‍സിനേറ്ററിന് സമീപം ചാക്കുകൊണ്ടും പ്ലാസ്റ്റിക് ഷീറ്റുകൊണ്ടും മറച്ച ഷെഡ്ഡുകളിലാണ് അവരുടെ താമസവും ഭക്ഷണവുമൊക്കെ. നടപ്പന്തലിന് താഴത്തെ കൊപ്രാക്കളത്തില്‍ നാനൂറോളംപേര്‍ ജോലി ചെയ്യുന്നു. താത്കാലിക ഷെഡ്ഡുകളിലാണ് ഇവരിലേറെയും താമസിക്കുന്നത്. നടപ്പന്തലില്‍നിന്നുള്ള അഴുക്കുവെള്ളം ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. അതിവിടെ പണിപൂര്‍ത്തിയാകാത്ത റോഡില്‍ കെട്ടിനില്‍ക്കുകയാണ്. ഇതിന് തൊട്ടുസമീപമായിട്ടാണ് കുറെയധികം തൊഴിലാളികള്‍ താമസിക്കുന്നത്.
റോഡിന് താഴെയായിട്ടാണ് കൊപ്രാക്കളത്തിലെ മറ്റ് തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
അഴുക്കുവെള്ളം മാലിന്യടാങ്കിലേക്ക് ഒഴുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.
ഇതിനെത്തുടര്‍ന്ന് പൈപ്പിട്ട് മലിനജലം ടാങ്കിലേക്ക് ഒഴുക്കാന്‍ നടപടി സ്വീകരിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ, റോഡിലിപ്പോഴും മലിനജലം കെട്ടിനില്പുണ്ട്.
മാലിന്യം സംസ്കരിക്കുന്നവരുടെ ജീവിതം കുപ്പത്തൊട്ടിയില്തന്നെ
ശബരിമലയിലെ ടണ്‍കണക്കിന് മാലിന്യം കത്തിക്കുന്ന തൊഴിലാളിക്ക് ഒരുദിവസം കിട്ടുന്നത് 400രൂപയാണ്. മണ്ഡലകാലം കഴിഞ്ഞ് ഇവര്‍ മടങ്ങുമ്പോള്‍ രോഗങ്ങളും കൂടെ ഉണ്ടാകാതിരുന്നാല്‍ ഭാഗ്യം.
അത്ര കഷ്ടമാണ് അവരുടെ അവസ്ഥ. സംസ്കരണ പ്ലാന്റിന്റെ അരികില്‍നിന്ന് അവരെ മാറ്റിപ്പാര്പ്പിച്ചാല്തന്നെ വലിയ ആശ്വാസമാകുമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പക്ഷേ, ആരും കേട്ടതായി നടിക്കുന്നില്ല.
തമിഴ്നാട്ടില്‍നിന്നുള്ള തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്.
ആരോഗ്യവകുപ്പ് ഇവിടെയുള്ള തൊഴിലാളികള്‍ക്കൊക്കെ മന്തിനും മലേറിയക്കുമുള്ള പ്രതിരോധമരുന്നുകള്‍ നല്‍കിയിട്ടുണ്ട്. ഇവിടെയുള്ള തൊഴിലാളികളുടെ രക്തസാമ്പിളും പരിശോധനയ്ക്കയച്ചിരുന്നു. ഇവര്‍ക്ക് ഇതുവരെ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്്. പക്ഷേ, അതുകൊണ്ടുമാത്രം ആശ്വസിക്കാനാവില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.