പന്തളം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കിട്ടെടുക്കാനായി പന്തളം കൊട്ടാരത്തില്‍ നിന്നുള്ള സൂര്യ അനൂപ് വര്‍മയും ഹൃദ്യ വര്‍മയും തിങ്കളാഴ്ച മലകയറും. പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മരാജയും കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികളും ചേര്‍ന്നാണ് നറുക്കെടുപ്പിനുള്ള കുട്ടികളെ തിരഞ്ഞെടുത്തത്.

ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരുവര്‍ഷം മേല്‍ശാന്തിയായി ചുമതല വഹിക്കേണ്ടവരെയാണ് 17ന് രാവിലെ സന്നിധാനത്ത് നറുക്കിട്ടെടുക്കുന്നത്. ശബരിമല മേല്‍ശാന്തിയെ സൂര്യ അനൂപ് വര്‍മയും മാളികപ്പുറം മേല്‍ശാന്തിയെ ഹൃദ്യ വര്‍മയും നറുക്കിട്ടെടുക്കും.

പന്തളം മംഗളോദയം കൊട്ടാരത്തില്‍ അനൂപ് വര്‍മയുടെയും ചേര്‍ത്തല വയലാര്‍ രാഘവപ്പറമ്പ് മഠത്തില്‍ സന്ധ്യ വര്‍മയുടെയും മകനാണ് സൂര്യ. തിരുവാലൂര്‍ ശ്രീസായി വിദ്യാവിഹാര്‍ സ്‌കൂളില്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. 
 
പന്തളം കൈപ്പുഴ തെക്കേടത്ത് കൊട്ടാരത്തില്‍ സജീവ് വര്‍മയുടെയും താമരശ്ശേരി തെക്കേകോവിലകത്ത് ധന്യ വര്‍മയുടെയും മകളാണ് ഹൃദ്യ. ആറ്റുവ വിവേകാനന്ദ വിദ്യാപീഠം നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ്.

പന്തളം വലിയതമ്പുരാന്റെയും വലിയതമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി 16ന് ഉച്ചയോടെ തിരുവാഭരണ മാളികയുടെ മുന്‍പില്‍ കെട്ടുനിറച്ച് വലിയകോയിക്കല്‍ ക്ഷേത്ര ദര്‍ശത്തിനുശേഷം കുട്ടികള്‍ ശബരിമലയ്ക്ക് യാത്രതിരിക്കും. കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ, സെക്രട്ടറി പി.എന്‍.നാരായണവര്‍മ, ഭാരവാഹികള്‍ എന്നിവരോടൊപ്പമായിരിക്കും കുട്ടികള്‍ മല ചവിട്ടുന്നത്.