പന്തളം: പന്തളം വലിയപാലത്തിനു താഴ്വശം ആറ്റുതീരവും തീരത്തുനില്‍ക്കുന്ന മുളയും വെള്ളത്തിലേക്കിടിഞ്ഞുതാഴുന്നു. സംരക്ഷണഭിത്തി കെട്ടാത്തതാണ് തീരമിടിയാന്‍ കാരണം. വലിയപാലത്തിന്റെ താഴ്ഭാഗത്ത് തീരത്തോടു ചേര്‍ത്ത് വള്ളം കെട്ടി വളരെനാള്‍ മണല്‍വാരല്‍ നടത്തിയിരുന്നു.
 
പാലത്തിനും ജലസംഭരണികള്‍ക്കും സമീപത്തുനിന്നു 500 മീറ്റര്‍ മാറ്റിമാത്രമേ മണല്‍ വാരാന്‍പാടുള്ളു എന്ന നിബന്ധന ലംഘിച്ചാണ് ഇവരണ്ടുമുള്ള പാലത്തിനുതാഴെ നിയന്ത്രണമില്ലാതെ മണല്‍വാരിയത്.
 
പാലത്തിന്റെ കരയിലുള്ള തൂണിനു ചുറ്റും മാത്രമെ സംരക്ഷണഭിത്തി കെട്ടിയിട്ടുള്ളു. ഇരുകരകളിലും തീരത്തോടുചേര്‍ന്ന് തൂണുകളുണ്ടെങ്കിലും ഇവിടെ ഭിത്തികെട്ടിയിട്ടില്ല. തൂണുകളുടെ മണലില്‍ മൂടിയിരിക്കേണ്ട ഭാഗംവരെ കോണ്‍ക്രീറ്റിളകി വെള്ളത്തിനു മുകളില്‍ തെളിഞ്ഞിരിക്കുകയാണ്.

പാലത്തിന്റെ പന്തളം നഗരസഭാ പരിധിയിലുള്ള കരയിലാണ് തീരമിടിച്ചില്‍ കൂടുതലായുള്ളത്. തൂക്കുപാലത്തിന്റെ തൂണുകള്‍ക്കു സമീപം സംരക്ഷണഭിത്തി കെട്ടാന്‍ തീരുമാനമെടുത്തെങ്കിലും പണി ഇതുവരെ തുടങ്ങിയില്ല.