റാന്നി: ജില്ലയുടെ കിഴക്കന്‍ മലയോരമേഖല ഉള്‍പ്പെടുന്നതാണ് റാന്നി നിയോജക മണ്ഡലം. മലകളും നദികളും വനങ്ങളും നിറഞ്ഞ മണ്ഡലത്തില്‍ ടൂറിസം സാദ്ധ്യതകളേറെയാണ്. കോടികണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമല ക്ഷേത്രം മണ്ഡലത്തിന്റെ ഖ്യാതി ലോകമെങ്ങും എത്തിക്കുന്നു. സാധാരണക്കാരാണ് ഏറെയും. കര്‍ഷകരും തൊഴിലാളികളുമാണിവരിലധികവും. റബ്ബര്‍ കൃഷിയാണ് പ്രധാനം. അതുകൊണ്ട് തന്നെ റബ്ബര്‍ വിലയിടിവ് തിരഞ്ഞടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും.
റാന്നി താലൂക്കിലെ അങ്ങാടി, പഴവങ്ങാടി, റാന്നി, വെച്ചൂച്ചിറ, നാറാണംമൂഴി, വടശ്ശേരിക്കര, പെരുനാട്, ചെറുകോല്‍, അയിരൂര്‍ എന്നീ പഞ്ചായത്തുകളും മല്ലപ്പള്ളി താലൂക്കിലെ കൊറ്റനാട്, കോട്ടാങ്ങല്‍, എഴുമററൂര്‍ പഞ്ചായത്തുകളാണ് ഇപ്പോള്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. മണ്ഡലം പുനര്‍നിര്‍ണയം നടന്നപ്പോള്‍ എല്‍.ഡി.എഫ്. കോട്ട എന്നറിയപ്പെട്ടിരുന്ന ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകള്‍ റാന്നിക്ക് നഷ്ടപ്പെട്ടു. പകരം കല്ലൂപ്പാറ മണ്ഡലത്തിലായിരുന്ന കൊറ്റനാട്, കോട്ടാങ്ങല്‍, എഴുമറ്റൂര്‍ പഞ്ചായത്തുകളും ആറന്മുളയിലായിരുന്ന ചെറുകോല്‍, അയിരൂര്‍ പഞ്ചായത്തുകളും റാന്നിയോട് ചേര്‍ന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കാറുള്ള മണ്ഡലം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ശീലം കാട്ടാറില്ല. ഇരുമുന്നണി സ്ഥാനാര്‍ത്ഥികളേയും മണ്ഡലം വിജയിപ്പിച്ചിട്ടുണ്ട്. 1954ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വയലാ ഇടിക്കുള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.ഒ. മര്‍ക്കോസിനെ പരാജയപ്പെടുത്തി. മര്‍ക്കോസിന്റെ പ്രചാരണാര്‍ത്ഥം അന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു റാന്നിയിലെത്തിയത് ചരിത്ര സംഭവമാണ്. എന്നിട്ടും 4000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റാന്നിയിലെ ജനനായകനായിരുന്ന വയലായുടെ വിജയം. പിന്നീട് വയലാ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1957 ല്‍ മത്സരിച്ച അദ്ദേഹം 2586 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കമ്മ്യൂണിസ്റ്റ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച ഇ.എം. തോമസിനെ പരാജയപ്പെടുത്തി. 1960 ലും ഇവര്‍ തമ്മിലായിരുന്നു മത്സരം. അന്ന് ഇ.എം. തോമസ് സി.പി.ഐ. സ്ഥാനാര്‍ത്ഥിയായിരുന്നു. ഇക്കുറിയും വയലായിക്കായിരുന്നു വിജയം. 1965 ല്‍ കേരള കോണ്‍ഗ്രസ് രൂപവത്ക്കരിച്ചപ്പോള്‍ സ്ഥാപക നേതാക്കളില്‍ പ്രധാനികളില്‍ ഒരാള്‍ വയലാ ഇടിക്കുളയായിരുന്നു. ഇ. എം. തോമസും കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1965ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സണ്ണി പനവേലിയെ ഇ.എം. തോമസ് പരാജയപ്പെടുത്തി. 1967 ല്‍ സി.പി.ഐലെ എം.കെ. ദിവാകരനായിരുന്നു വിജയം. കോണ്‍ഗ്രസിലെ എന്‍. ജെ. മാത്യൂസിനെയാണ് പരാജയപ്പെടുത്തിയത്. 1970ല്‍ കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി രംഗത്തെത്തിയ ജേക്കബ് സഖറിയയ്ക്കായിരുന്നു വിജയം. സണ്ണിപനവേലിയായിരുന്നു എതിരാളി. 1977 ല്‍ കേരള കോണ്‍ഗ്രസിലെ പ്രൊഫ. കെ.എ. മാത്യു വിജയിച്ചു. എഫ്. തോമസ് കുറ്റിക്കയത്തിനെയാണ് പരാജയപ്പെടുത്തിയത്. കെ.എ. മാത്യു ഏതാനും ദിവസത്തേയ്ക്ക് മന്ത്രിയുമായി. 1980 ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം കോണ്‍ഗ്രസ് യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.സി. ചെറിയാന്‍ കോണ്‍ഗ്രസിലെ സണ്ണി പനവേലിയെ പരാജയപ്പെടുത്തി. എല്‍.ഡി. എഫ്. ഘടകകക്ഷിയായ കോണ്‍ഗ്രസ് എസ്. സ്ഥാനാര്‍ത്ഥിയായി 1982 ല്‍ മത്സരിച്ച സണ്ണി പനവേലി എം.സി. ചെറിയാനെ പരാജയപ്പെടുത്തി. സണ്ണി പനവേലിയുടെ നിര്യാണത്തേ തുടര്‍ന്ന് 1986 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച ഭാര്യ റേച്ചല്‍ സണ്ണി പനവേലിയും എം.സി. ചെറിയാനെ പരാജയപ്പെടുത്തി. 1987 ല്‍ കേരള കോണ്‍ഗ്രസിലെ ഈപ്പന്‍ വര്‍ഗ്ഗീസിനായിരുന്നു വിജയം. സി.പി.എം. ലെ ഇടിക്കുളമാപ്പിളയായിരുന്നു എതിരാളി. 1991 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരരംഗത്തെത്തിയ എം.സി. ചെറിയാന്‍ വിജയിച്ചു. ഇടിക്കുളമാപ്പിളയെയാണ് പരാജയപ്പെടുത്തിയത്. 1996 മുതല്‍ 2011 വരെ നടന്ന 4 തിരഞ്ഞെടുപ്പുകളിലും വിജയിച്ച് സി.പി.എം ലെ രാജു ഏബ്രഹാം ഹാട്രിക് നേടി. 2001 ല്‍ ബിജിലി പനവേലിയും മറ്റ് മൂന്നു മത്സരങ്ങളിലും പീലിപ്പോസ് തോമസുമായിരുന്നു എതിരാളികള്‍. 2011 ല്‍ മണ്ഡലം പുനഃക്രമീകരണം നടന്നപ്പോള്‍ എല്‍.ഡി.എഫിന് മേല്‍ക്കൈയ്യുള്ള രണ്ട് പഞ്ചായത്തുകള്‍ നഷ്ടപ്പെടുകയും യു.ഡി.എഫിന് അനുകൂലമായ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കുകയുമാണുണ്ടായത്. അപ്പോഴും വിജയം എല്‍.ഡി. എഫിനൊപ്പമായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തില്‍ നിന്നും യു.ഡി. എഫിലെ ആന്റോ ആന്റണിക്ക് 9091 വോട്ടുകളുടെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മണ്ഡലം ഇരുമുന്നണികളേയും കടാക്ഷിച്ചു. ആറു ഗ്രാമപ്പഞ്ചായത്തുകളില്‍ വീതം ഇരുമുന്നണികളും ഭൂരിപക്ഷം നേടി. റാന്നിബ്ലോക്ക് പഞ്ചായത്ത് എല്‍.ഡി.എഫിന് ലഭിച്ചപ്പോള്‍ ജില്ലാ പഞ്ചായത്തില്‍ മണ്ഡലത്തില്‍ മുന്‍തൂക്കം യു.ഡി.എഫിനാണ്. അഞ്ചാംതവണയും രാജു ഏബ്രഹാമിനെ മത്സരിപ്പിച്ച് ചരിത്ര വിജയം നേടാനാണ് എല്‍.ഡി.എഫ് നീക്കം. രാജു ഏബ്രഹാമിനൊപ്പം സ്ഥാനാര്‍ത്ഥി പട്ടികയില്‍ റോഷന്‍ റോയി മാത്യുവിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. കെ.പി.സി.സി. സെക്രട്ടറി മറിയാമ്മ ചെറിയാന്‍, അഡ്വ. കെ. ജയവര്‍മ്മ എന്നിവരുടെ പേരുകളാണ് യു.ഡി. എഫില്‍ നിന്നും പറഞ്ഞുകേള്‍ക്കുന്നത്. റ്റി.കെ. സാജുവിന്റെ പേരും പറയപ്പെടുന്നു. കഴിഞ്ഞ തവണയും ഇവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടിരുന്നു. അവസാനം മണ്ഡലത്തിന് പുറത്തു നിന്ന്്് സ്ഥാനാര്‍ത്ഥിയെത്തി. ഇത്തവണയും അവസാനഘട്ടത്തില്‍ പുറത്തു നിന്നും ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുമോ എന്ന ആശങ്കയും കോണ്‍ഗ്രസുകാര്‍ക്കിടയിലുണ്ട്. ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. ഘടക കക്ഷിയായ ബി. ഡി.ജെ.എസിന് റാന്നി നല്‍കാനിടയുണ്ട്. റാന്നി മണ്ഡലം നിലനിര്‍ത്തുമെന്ന് എല്‍. ഡി.എഫ് ഉറപ്പിച്ചു പറയുമ്പോഴും ഇക്കുറി ചരിത്രം തിരുത്തിയെഴുതുമെന്നാണ് യു. ഡി.എഫ് അവകാശപ്പെടുന്നത്.
മണ്ഡലപരിചയം റാന്നി
വര്‍ഷം വിജയി എതിരാളി ഭൂരിപക്ഷം
1957 വയലാ ഇടിക്കുള (കോണ്‍ഗ്രസ്) ഇ.എം. തോമസ് (സ്വതന്ത്രന്‍) 12586
1960 വയലാ ഇടിക്കുള (കോണ്‍ഗ്രസ്) ഇ.എം. തോമസ്(സി.പി. ഐ) 10134
1965 ഇ. എം. തോമസ് (കേരള കോണ്‍ഗ്രസ)് സണ്ണി പനവേലി(കോണ്‍ഗ്രസ്) 7702
1967 എം.കെ. ദിവാകരന്‍(സി.പി.ഐ) എന്‍.ജെ. മാത്യൂസ് (കോണ്‍ഗ്രസ്) 5833
1970 ജേക്കബ് സഖറിയ(സ്വതന്ത്രന്‍) സണ്ണിപനവേലി (കോണ്‍ഗ്രസ്) 577
1977 കെ.എ. മാത്യു(കേരള കോണ്‍ഗ്രസ്) എഫ്. തോമസ് കുറ്റിക്കയം(കെ.സി.പി.) 9295
1980 എം.സി ചെറിയാന്‍ (കോണ്‍ഗ്രസ് യു) സണ്ണിപനവേലി(കോണ്‍ഗ്രസ്) 1146
1982 സണ്ണിപനവേലി (കോണ്‍ഗ്രസ് എസ്) എം.സി ചെറിയാന്‍(കോണ്‍ഗ്രസ്) 9245
1986 റേച്ചല്‍ സണ്ണി പനവേലി(കോണ്‍ഗ്രസ്എസ്) എം.സി ചെറിയാന്‍(കോണ്‍ഗ്രസ്) 623
1987 ഈപ്പന്‍ വറുഗീസ് (കേരള കോണ്‍ഗ്രസ്) ഇടിക്കുള മാപ്പിള (സി.പി എം) 1203
1991 എം സി ചെറിയാന്‍(കോണ്‍ഗ്രസ്) ഇടിക്കുള മാപ്പിള (സി.പി എം) 2239
1996 രാജു ഏബ്രഹാം (സി.പി.എം.) പീലിപ്പോസ് തോമസ്(കോണ്‍ഗ്രസ്) 3429
2001 രാജു ഏബ്രഹാം (സി.പി.എം.) ബിജിലി പനവേലി(കോണ്‍ഗ്രസ്) 4807
2006 രാജു ഏബ്രഹാം (സി.പി.എം.) പീലിപ്പോസ് തോമസ്(കോണ്‍ഗ്രസ്) 14969
2011 രാജു ഏബ്രഹാം (സി.പി.എം.) പീലിപ്പോസ് തോമസ്(കോണ്‍ഗ്രസ്) 6614