റാന്നി: റാന്നി വലിയപാലം തകര്‍ന്നിട്ട് വെള്ളിയാഴ്ച 20 വര്‍ഷം തികയുന്നു. റാന്നി നിവാസികളുടെ മനസ്സില്‍നിന്നും ഇന്നും ആ ദിവസം മാഞ്ഞിട്ടില്ല. ഭീതിയോടെയാണിവര്‍ പാലത്തിന്റെ തകര്‍ച്ച ഓര്‍ക്കുന്നത്. പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നദിയിലേക്ക് വീണപ്പോള്‍ റാന്നിയുടെ വളര്‍ച്ചയെ അത് പതിറ്റാണ്ടുകള്‍ പിന്നിലേക്ക് തള്ളിവീഴ്ത്തുകയായിരുന്നു.
ശബരിമല പ്രധാന ഇടത്താവളങ്ങളിലൊന്നായിരുന്ന റാന്നി, പാലം വീണതോടെ ഈ പട്ടികയില്‍ നിന്ന് ഏതാണ്ട് ഒഴിവായി. റിക്കാര്‍ഡ് വേഗത്തില്‍ പുതിയ പാലം നിര്‍മ്മിച്ചെങ്കിലും ശബരിമല ഭൂപടത്തില്‍ റാന്നിയ്ക്കുണ്ടായിരുന്ന പഴയ പ്രതാപം ഇല്ലാതായി. എന്നാല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേഗത്തില്‍ പുതിയപാതകള്‍ കണ്ടെത്തി വികസിപ്പിച്ചത് മലയോരമേഖലയില്‍ അപ്രതീക്ഷിത വികസനത്തിന് വഴിയൊരുക്കി.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ റാന്നി ടൗണില്‍ പമ്പാ നദിക്കു കുറുകെയുണ്ടായിരുന്ന വലിയപാലം തകരുന്നത് 1996 ജൂലായ് 29 ന് വൈകീട്ട് 3.50 നാണ്. റാന്നി-തിരുവല്ല റൂട്ടിലോടുന്ന ഉഷാ ട്രാവല്‍സ് ബസ് പാലം കടക്കുമ്പോഴായിരുന്നു ആ ദുരന്തം. ബസ് കടന്നുപോയതിനടുത്ത നിമിഷം പാലത്തിന്റെ മധ്യഭാഗംതകര്‍ന്ന് നദിയില്‍ പതിച്ചു.
പാലത്തില്‍ വഴിയാത്രക്കാരുണ്ടായിരുന്നെങ്കിലും തകര്‍ന്ന ഭാഗത്ത് ആരുമില്ലാതിരുന്നതിനാല്‍ ആളപായമൊന്നുമുണ്ടായില്ല. ഒരു നിമിഷം കൊണ്ട് റാന്നി അരനൂറ്റാണ്ടിലേറെ പിന്നിലേക്ക് പോവുകയായിരുന്നു.
റാന്നി,പഴവങ്ങാടി പഞ്ചായത്തുകളിലായി പാലത്തിന്റെ ഇരുകരകളിലായി വ്യാപിച്ചുകിടന്ന ടൗണില്‍ അക്കരെയിക്കരെ എങ്ങനെയെത്തുമെന്നറിയാത്ത അവസ്ഥ. വീണ്ടും പഴയ ചരിത്രത്തിലേക്ക്.
നദി കടക്കാന്‍ വള്ളത്തെ ആശ്രയിച്ചു. മറുകരയില്‍ വാഹനത്തിലെത്താന്‍ സഞ്ചരിക്കേണ്ടത് 17 കിലോമീറ്ററുകള്‍. അത് ചെറിയ വാഹനങ്ങള്‍ക്ക്. വലിയ വാഹനങ്ങള്‍ 24 കിലോമീറ്റര്‍ ചുറ്റിയാലാണ് നദിയുടെ അക്കരെയെത്തിയിരുന്നത്.
വ്യാപാരകേന്ദ്രം ഇട്ടിയപ്പാറയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളൊക്കെ റാന്നി പഞ്ചായത്തിലുമായതിനാല്‍ ഇരുകരകളിലും നാട്ടുകാര്‍ക്ക് എത്തണം. മൂന്നര മാസക്കാലം അക്കരെയിക്കരെ യാത്ര ചെയ്യാന്‍ വള്ളം മാത്രം. ഇതിനിടയില്‍ വള്ളം മറിഞ്ഞ് ചേത്തയ്ക്കല്‍ സ്വദേശിയായ യുവാവ് മരിച്ച സംഭവവുമുണ്ടായി.
വ്യാപാരരംഗം തകര്‍ന്നു
സംസ്ഥാനപാതയായതിനാലും ശബരിമല പ്രധാനപാതയായതിനാലും സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെയാണ് ഇതിനെ കണ്ടത്. അക്കാലത്ത് എരുമേലിയിലേക്ക് പോകുന്നതും എരുമേലി ഭാഗത്തുകൂടിയെത്തുന്നവര്‍ക്ക് ശബരിമലയ്ക്ക് പോകുന്നതിനുമുള്ള ഏക മാര്‍ഗം റാന്നി വഴി മാത്രമായിരുന്നു. അതുകൊണ്ടു തന്നെ സീസണ്‍ തുടങ്ങിയാല്‍ റാന്നി തീര്‍ത്ഥാടകരേയും അവരുടെ വാഹനങ്ങള്‍ കൊണ്ടും നിറയുമായിരുന്നു.
ശബരിമലയുടെ ബേസ്‌ക്യാമ്പ് അന്ന് റാന്നിയായിരുന്നുവെന്ന് പറയാം. എന്നാല്‍ പാലത്തിന്റെ തകര്‍ച്ചയോടെ റാന്നിയുടെ ആ പ്രൗഢി നഷ്ടമായി. റാന്നി ടൗണില്‍ എത്താതെ ശബരിമലയ്ക്ക് പോകാന്‍ പുതിയ പാതകള്‍ കണ്ടെത്തി തുടങ്ങി. ചെറുകോല്‍പ്പുഴ-റാന്നി, മുക്കട-അത്തിക്കയം-പെരുനാട്, ചെത്തോങ്കര-അത്തിക്കയം തുടങ്ങി ഗ്രാമീണ റോഡുകള്‍ പലതും ശബരിമല പാതകളായി മാറി. പിന്നീട് എരുമേലിയില്‍ നിന്നും കണമല വഴി ചാലക്കയത്തെത്തുവാന്‍ പുതിയ പാത തുറന്നതോടെ റാന്നി വഴിയെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം വീണ്ടും കുറഞ്ഞു. പാലത്തിന്റെ തകര്‍ച്ചയോടെ റാന്നിയിലെ വ്യാപാര രംഗവും ഏറെ തകര്‍ന്നിരുന്നു.

ബെയ്‌ലി പാലം സ്ഥിതി മാറ്റി
ശബരിമല റോഡെന്ന പരിഗണനകൂടി കണക്കിലെടുത്ത്് മണ്ഡല കാലമെത്തും മുമ്പ് കേന്ദ്രസേനയെത്തി റാന്നിയില്‍ ബെയ്‌ലി പാലം നിര്‍മ്മിച്ചു. 1996 നവംബര്‍ 8 നാണ് ബെയ്‌ലി പാലം തുറന്നത്. ഇതിലൂടെ ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാമായിരുന്നു. ഇത് ഏറെ ഉപകാരപ്രദമായി.
1999 ജനവരി 9 ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരാണ് പുതിയ പാലം ഉദ്ഘാടനം ചെയ്തത്. 20 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലത്തിന്റെ തകര്‍ച്ചയുണ്ടാക്കിയ ക്ഷീണത്തില്‍ നിന്നും പൂര്‍ണ്ണമായി തിരിച്ചെത്തുവാന്‍ റാന്നിയ്ക്കായിട്ടില്ല. ആ ദുരന്തത്തെ ഒര്‍മ്മിപ്പിച്ചുകൊണ്ട് ഇന്നും പഴയപാലം അവിടെത്തന്നെയുണ്ട്. പുതിയ പാലത്തോട് ചേര്‍ന്ന്.