പൊന്‍കുന്നം: ചേനപ്പാടി ചെറിയമഠത്തിലെ പൂര്‍വികര്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് ആരംഭിച്ച പാളത്തൈര് സമര്‍പ്പണം ഗ്രാമം ഒന്നാകെ ഏറ്റെടുക്കുമ്പോള്‍ പാരമ്പര്യവഴിയില്‍ കണ്ണിയാവുകയാണ് ചെറിയമഠത്തിലെ അമ്മിണിയമ്മ. 70 വയസ്സു പിന്നിട്ട അമ്മിണിയമ്മ ഇപ്പോഴത്തെ തലമുതിര്‍ന്ന അംഗമാണ്.
പണ്ടുകാലത്ത് പാളപ്പാത്രങ്ങളില്‍ തൈരുണ്ടാക്കി കൊണ്ടുപോയിരുന്നതിന്റെ ഓര്‍മയുണ്ട് അമ്മിണിയമ്മയ്ക്ക്.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി വള്ളസദ്യക്ക് വിളമ്പാന്‍ പാളത്തൈരുമായി തിങ്കളാഴ്ചയാണ് ചേനപ്പാടി ഗ്രാമവാസികള്‍ പുറപ്പെടുന്നത്. നൂറ്റാണ്ടുമുമ്പ് ചെറിയമഠത്തില്‍ കേളുച്ചാര്‍ രാമച്ചാരും കുളഞ്ഞിയില്‍ പാച്ചുനായരും അവരുടെ ഉറ്റ സ്‌നേഹിതരും ചേര്‍ന്നാണ് ആറന്മുളയ്ക്കു തൈര് കൊണ്ടുപോയിരുന്നത്. വള്ളത്തിലായിരുന്നു ഇവരുടെ യാത്ര.
ചേനപ്പാടിയില്‍നിന്നു മണിമലയാറ്റിലൂടെ തിരുവല്ല-പുളിക്കീഴ് വഴി പമ്പയാറ്റിലെത്തിയാണ് ഇവര്‍ ആറന്മുള ഭഗവാന് സമര്‍പ്പണം നടത്തിയിരുന്നത്.
അക്കാലത്ത് ചേനപ്പാടിയില്‍ ധാരാളം പശുക്കള്‍ ഉണ്ടായിരുന്നു. വൃതനിഷ്ഠയോടെ ഭക്തര്‍ പാളകൊണ്ടുള്ള പാത്രങ്ങളിലായിരുന്നു തൈര് തയ്യാറാക്കിയിരുന്നത്. കാലക്രമേണ മുടങ്ങിപ്പോയ ആചാരം ആറന്മുള നിവാസികളുടെ പ്രേരണയില്‍ എട്ടുവര്‍ഷം മുമ്പാണ് പുനരാരംഭിച്ചത്. ഇതോടെ രണ്ടുഗ്രാമങ്ങള്‍ തമ്മിലുള്ള നൂറ്റാണ്ടു പിന്നിട്ട ബന്ധത്തിനും പുനഃസ്ഥാപനമായി.
ആറന്മുള വള്ളസദ്യയില്‍ എല്ലാക്കാലത്തും ചേനപ്പാടി പാളത്തൈരിനെ പുകഴ്ത്തിപ്പാടിയിരുന്നു. ''ചേനപ്പാടി കേളുച്ചാരുടെ പാളത്തൈര് കൊണ്ടുവാ, കൊണ്ടുവാ''യെന്ന് വള്ളപ്പാട്ടിലൂടെ പാടിയാണ് സദ്യ സമയത്ത് ഭക്തര്‍ തൈര് ചോദിച്ചിരുന്നത്. തൈര് സമര്‍പ്പണം നിലച്ചിരുന്ന കാലത്തും ഈ വള്ളപ്പാട്ടിന് ജീവനുണ്ടായിരുന്നു.
ഇപ്പോള്‍ വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ ഗോശാലയില്‍ നിന്നുള്ള പാലുപയോഗിച്ച് ആശ്രമത്തിലാണ് ആയിരം ലിറ്ററോളം തൈര് കൊണ്ടുപോകുന്നതിനായി ഒരുക്കുന്നത്. കൂടാതെ ചേനപ്പാടി ഗ്രാമനിവാസികള്‍ ഭക്തിപുരസ്സരം പാളപ്പാത്രങ്ങളില്‍ തയ്യാറാക്കുന്ന തൈരും ഒപ്പം കൊണ്ടുപോകും. ഘോഷയാത്രയ്ക്ക് തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയില്‍ ഉച്ചയോടെ വരവേല്പു നല്‍കും. ജന്മാഷ്ടമിദിനത്തിലെ സദ്യയില്‍ ചേനപ്പാടി തൈര് വിളമ്പും.


01


ചെറിയമഠത്തില്‍ അമ്മിണിയമ്മ