പത്തനംതിട്ട: ന്മക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ പഠിച്ചുവരുന്നതായും നിയമവിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി ബി.അശോകന്‍ പറഞ്ഞു. ഹൈക്കോടതി നിരോധനം മറികടന്ന് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് പരിശോധിക്കും. ടിപ്പറുകള്‍ സമയം പാലിക്കാതെ ഓടുന്നുണ്ടെങ്കില്‍ അതിനെതിരെയും നടപടിവരും.
 
വേഗപ്പൂട്ട് പിടിപ്പിക്കാത്ത ടിപ്പറുകള്‍ ഉണ്ടെങ്കില്‍ അവയെയും പൂട്ടും. വയല്‍നികത്തല്‍ സംബന്ധിച്ച പരാതികളെക്കുറിച്ചു നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ ഫോണ്‍വിളിക്ക് അനുകൂലമായി പോലീസ് ഇടപെടല്‍ ഉണ്ടാകും. ഫോണ്‍ അടിച്ചാല്‍ ഉടന്‍ എടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വയോധികരുടെയും പരാതികളില്‍ ഉടന്‍ നടപടി ഉണ്ടാവണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗതാഗതക്കുരുക്കും അപകടവും കുറയ്ക്കാവുന്ന രീതിയില്‍ പരിഷ്‌കരിക്കുന്നതിന് ഗതാഗത ഉപദേശക സമിതിയില്‍ പോലീസ് ഇടപെടല്‍ നടത്തും. അടുത്ത ശബരിമല സീസണുമുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്താണ് പോലീസ് മുന്‍പോട്ടു പോകുന്നത്.

ജില്ലാ ആസ്ഥാനത്ത് പലയിടത്തും ബസ്സ്‌റ്റോപ്പുകള്‍ പുനഃക്രമീകരിച്ചത് പ്രാബല്യത്തില്‍ വന്നിട്ടില്ല. അബാന്‍ ജങ്ഷനിലെ സ്റ്റോപ്പുകള്‍, നിലവില്‍ ബസ് നിര്‍ത്തുന്നതിന്റെ 50 മീറ്ററെങ്കിലും മാറിയാണ്. ഇവിടെ ബസുകള്‍ ജങ്ഷനില്‍തന്നെ നിര്‍ത്തുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്ന വിഷയം പരിഗണിക്കും. പലയിടത്തും പോലീസുകാര്‍ മാറി നില്‍ക്കുകയാണ്. വാഹനങ്ങള്‍ തോന്നിയപടി പോകുന്നുവെന്ന അവസ്ഥയുണ്ട്. ട്രാഫിക് ഐലന്‍ഡ് പലയിടത്തും നോക്കുകുത്തിയാണ്. ഇത് പോലീസുകാര്‍ക്ക് കയറി നില്‍ക്കാന്‍ പാകത്തിലാക്കും. സ്‌കൂളുകളിലെ ലഹരി ഉപഭോഗം ഗൗരവമായി കാണും. ഇത്തരം വിഷയങ്ങളില്‍ എന്തുവിവരം ലഭ്യമായാലും ഉടനടി നടപടികളിലേക്കു നീങ്ങും. സ്‌കൂള്‍ കുട്ടികളെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളും പോലീസ് ഗൗരവമായി സമീപിക്കും.
 
സ്‌കൂളധികൃതര്‍ ആവശ്യപ്പെടാതെ തന്നെ 59 സ്‌കൂളുകള്‍ക്കു മുന്‍പില്‍ യാത്രയ്ക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കു വേണ്ടി രാവിലെയും വൈകീട്ടും പ്രത്യേകം പോലീസ് സംവിധാനം സ്‌കൂളുകള്‍ക്കു സമീപമുണ്ടാവും. ന്മ350 ക്യാമറകള്‍ അടുത്ത ശബരിമല സീസണു മുന്‍പ് ജില്ലയിലെ പ്രധാന ഇടങ്ങളിലായി സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതില്‍, നഗര– ഗ്രാമ വ്യത്യാസമില്ല. ക്യാമറകള്‍ വയ്‌ക്കേണ്ട സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ക്യാമറകള്‍ വയ്ക്കുന്നതിന് ഭരണാനുമതിയും വാങ്ങണം.