പത്തനംതിട്ട: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പോലീസിന്റെ കൈകള്‍ മുഖ്യമന്ത്രി പിടിച്ചു കെട്ടിയിരിക്കുയാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഭവത്തിനു പിന്നില്‍ ആരുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ചിലരെ രക്ഷിക്കാനാണ്. കേസ് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുകയോ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയോ വേണം. ഈ കേസില്‍ പ്രതികള്‍ കീഴടങ്ങിയില്ലായിരുന്നെങ്കില്‍ അറസ്റ്റു നടക്കില്ലായിരുന്നു.

സി.പി.എം. നേതാക്കളും ഗുണ്ടകളും ചേര്‍ന്നാണ് കേരളം ഭരിക്കുന്നത്. വടക്കാഞ്ചേരി പീഡനക്കേസില്‍ പ്രതിയായ സി.പി.എം. നേതാവിനെ അറസ്റ്റു ചെയ്തിട്ടില്ല. എറണാകുളത്ത് ഗുണ്ടയെ ഒളിപ്പിച്ച സി.പി.എം. നേതാവാണ് കലോത്സവ സംഘാടക സമിതിയുടെ മുഖ്യസംഘാടകന്‍. കൊടുംകുറ്റവാളികളെ അറസ്റ്റുചെയ്യാന്‍ കഴിയാത്ത പോലീസ് തിരുവനന്തപുരത്ത് ലക്ഷ്മിനായരുടെ ഹോട്ടല്‍ അക്രമിച്ച പ്രതികളെ അന്വേഷിച്ചു നടക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

ഡി.സി.സി. പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി., കെ.ശിവദാസന്‍ നായര്‍, പി.മോഹന്‍രാജ്, കെ.പി.സി.സി. സെക്രട്ടറി പഴകുളം മധു, എ. ഷംസുദ്ദീന്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി എന്നിവര്‍ പ്രസംഗിച്ചു.