പത്തനംതിട്ട: ഭീമമായ ഇന്ധന വിലവര്‍ദ്ധനയ്‌ക്കെതിേര പ്രതിഷേധമായി ഡി.സി.സി. യുടെ നേതൃത്വത്തില്‍ പെട്രോള്‍ ചലഞ്ച് നടത്തി. നൂറ് പേര്‍ക്ക് പൊതുവേദിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ നാല്‍പത് രൂപയ്ക്ക് നല്‍കിയാണ് പെട്രോള്‍ ചലഞ്ച് ഉദ്ഘാടനം ചെയ്തത്. ലോക കമ്പോളത്തിലെ ക്രൂഡോയില്‍ വിലനിലവാരമനുസരിച്ച് ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ പെട്രോള്‍ വില കുറഞ്ഞുവരുമ്പോള്‍ ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ അമിതവില പൗരന്റെ മേല്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് ഡി.സി.സി. പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു.

സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച കള്ളപ്പണം പിടിച്ച് ഓരോ കുടുംബത്തിനും 15 ലക്ഷം വീതം നല്‍കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതു പാലിച്ചില്ലെന്നു മാത്രമല്ല കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണത്തില്‍ കോടിക്കണക്കിന് രൂപയുമായി വമ്പന്മാര്‍ ഇന്ത്യ വിടുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്ന് വഞ്ചനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആന്റോ ആന്റണി എം.പി പറഞ്ഞു.
 
കേന്ദ്ര മന്ത്രിസഭയുടെ നാലാം വാര്‍ഷികദിനം വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധകൂട്ടായ്മയിലാണ് പെട്രോള്‍ ചലഞ്ച് നടത്തിയത്. വൈ. യാക്കൂബ്, കാട്ടൂര്‍ അബ്ദുള്‍ സലാം, അനീഷ് വരിക്കണ്ണാമല, രാഹുല്‍ മാങ്കൂട്ടത്തില്‍, കെ.കെ. റോയിസണ്‍, എ.സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.