കൊടുമണ്‍: കൊടുമണ്‍ ഗ്രാമപ്പഞ്ചായത്തിലെ എല്ലാ വീടുകളിലും സൗജന്യമായി ഫലവൃക്ഷത്തൈകള്‍ നട്ടുകൊടുക്കും. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നടീല്‍ തുടങ്ങും. പേര, മാവ്, മാതളം, പുളി, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തൈകളാണ് നടുന്നത്.

ഇതിനായി 10,000 തൈകള്‍ ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന് സമീപം കൊടുമണ്‍ രണ്ടാം കുറ്റിയിലെ നഴ്‌സറിയില്‍ തയ്യാറാക്കി. തൊഴിലുറപ്പ് പദ്ധതിയിലാണ് തൈകള്‍ തയ്യാറാക്കുന്നതും നടുന്നതും. ആറ് ലക്ഷം രൂപയുടെ പദ്ധതിയാണിത്.
 
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മക്കുഞ്ഞ്, 12-ാം വാര്‍ഡംഗം ചിരണിക്കല്‍ ശ്രീകുമാര്‍, അസിസ്റ്റന്റ് ബി.ഡി.ഒ. ശശികുമാര്‍, തൊഴിലുറപ്പ് പദ്ധതി എ.ഇ. ബിന്ദു എസ്.പിള്ള എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.