പത്തനംതിട്ട: വീടിനുള്ളിലേക്ക് പൊളിഞ്ഞുവീഴുന്ന അടരുകള്‍. വിറച്ചു നില്‍ക്കുന്ന കട്ടിളകള്‍. ഏത് സമയവും തകരാവുന്ന ഭിത്തികള്‍. ഇത് തോട്ടപ്പുഴശ്ശേരി പൊന്‍മല ക്വാറിക്ക് സമീപമുള്ള വീടുകളുടെ സ്ഥിതിയാണ്. ക്വാറിയും വീടുകളുമായുള്ള അകലം 50 മീറ്ററായി കുറച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തതോടെ ഇവരുടെ ദുരിതംകൂടി. നേരത്തേ തിരുവല്ല ആര്‍.ഡി.ഒ. എത്തി പരിശോധന നടത്തിപ്പോയ ഇവിടെ കാര്യങ്ങള്‍ കൂടുതല്‍ മോശമാണ്.

വിഷമക്കാഴ്ചകള്‍

തോട്ടപ്പുഴശ്ശേരിയിലെ വിജനമായ പാതയിലൂടെ ഒരു കിലോമീറ്റര്‍ നടന്നാല്‍ തകര്‍ന്ന വീടുകള്‍ കാണാം. പാറക്കാലായില്‍ ലില്ലിക്കുട്ടിയും ഭര്‍ത്താവ് മാത്യു വര്‍ഗീസും പാറമടക്കു താഴെയുള്ള വീട്ടിലാണ് താമസിക്കുന്നത്. ഇതിന്റെ ഭിത്തികള്‍ വിണ്ടുകീറിയിട്ടുണ്ട്. കട്ടിള ഇളകി മാറി. ഓരോ സ്‌ഫോടനത്തിലും വീട് വിറയ്ക്കുന്നു. സിമന്റ് കട്ടകള്‍ കെട്ടിയ വീട് ഏത് സമയവും വീഴുമെന്ന നിലയാണ്. അയല്‍ക്കാര്‍ പാറമടയ്ക്ക് സ്ഥലം വിറ്റു ദൂരേക്ക് മാറി. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള ഇവരുടെ 65 സെന്റ് സ്ഥലം ആരും ഏറ്റെടുക്കാനില്ല. ഇതിനു തൊട്ടടുത്തു കൂടിയാണ് മുമ്പൊരിക്കല്‍ ഉണ്ടായ ഉരുള്‍ പൊട്ടല്‍ പാഞ്ഞുപോയത്. ഈ തോട് ശക്തമായി ഇപ്പോഴും ഒഴുകുന്നു. കനത്ത മഴയത്ത് അടുത്ത ഉരുള്‍പൊട്ടുമോ എന്ന പേടിയിലാണിവര്‍.

കുഞ്ഞുങ്ങള്‍ സ്ഥലം മാറി

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകളും കുടുംബവും മറ്റൊരിടത്തേക്ക് താമസം മാറ്റി. കുട്ടികളെ സ്‌കൂളിലേക്ക് വിടാന്‍ പോകുമ്പോള്‍ കരിങ്കല്‍ചീളുകള്‍ ശരീരത്ത് വീഴുന്നത് പേടിച്ചാണ് അവര്‍ താമസം മാറ്റിയത്. വീടുകളില്‍ ജോലിചെയ്ത് ജീവിതം പുലര്‍ത്തുന്ന ലില്ലിക്കുട്ടിക്ക് ജീവിതം വഴിമുട്ടിയ നിലയാണ്. 60 സെന്റ് സ്ഥലവും വീടും കളിപ്പിച്ച് ക്വാറി ഉടമകള്‍ വാങ്ങുന്നതിന് നിന്നുകൊടുക്കില്ല. നിലവിലുള്ള വില കിട്ടിയാല്‍ സ്ഥലം കൊടുക്കും. പക്ഷേ, ഈ പ്രായത്തില്‍ വീടും സ്ഥലവുമൊക്കെ പുതുതായി കണ്ടെത്തുന്നതും പ്രയാസം. മനുഷ്യാവകാശ കമ്മീഷനും കളക്ടര്‍ക്കും പരാതി നല്കിയിട്ടുണ്ട്.

നീതി കിട്ടണം (പൊന്‍മല പ്രകൃതി സംരക്ഷണ സമിതി)

27 വീട്ടുകാരാണ് ഇവിടം വിട്ടുപോയത്. അവശേഷിക്കുന്നവരെ അവിടെ നിലനിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്. വീടുകള്‍ പലതും വിള്ളല്‍ വീണ് നശിച്ചു. അധികാരികളെ വീണ്ടും കാണും. താമസിക്കുന്ന വീട്ടുകാര്‍ക്ക് സുരക്ഷ ഒരുക്കേണ്ടതുണ്ട്. ഇത് റവന്യൂ അധികാരികളുടെ ചുമതലയാണ്.

നിയമം പാലിക്കുന്നു (ക്വാറി ഉടമകള്‍)

നിയമം പാലിച്ചാണ് ഖനനം നടത്തുന്നതെന്ന് ഉടമ വിവിധ ഏജന്‍സികള്‍ക്ക് കൊടുത്ത സത്യവാങ്മൂലങ്ങളില്‍ പറയുന്നു. ദൂരപരിധിയും പാലിക്കുന്നുണ്ട്.

സ്ഥലം പരിശോധിക്കാം (ആര്‍.ഡി.ഒ. അനു എസ്.നായര്‍)

പരാതി പരിശോധിച്ച് സ്ഥലപരിശോധന നടത്തും. വീട്ടുകാരുടെ പ്രയാസങ്ങള്‍ നോക്കും. സുരക്ഷ പാലിക്കുന്നില്ലങ്കില്‍ കര്‍ശന നടപടിയുണ്ടാകും.