ചൂരക്കോട്(അടൂര്‍): ഊരുമഠത്തില്‍ ഏലായില്‍ എപ്പോഴും നാടന്‍ പച്ചക്കറികളുടെ സമൃദ്ധിയാണ്.ഒരേക്കറിലധികം വരുന്ന കൃഷിയിടത്തിലേക്ക് ചെന്നാല്‍ കാണുന്നത് വിവിധയിനം പച്ചക്കറികള്‍ നിറഞ്ഞ് നില്‍ക്കുന്നതാണ്.ചൂരക്കോട് എസ്.എസ്. ഭവനില്‍ സുരേന്ദ്രന്‍ നായര്‍ എന്ന കര്‍ഷകന്റെ അധ്വാനമാണ് ഈ ഹരിതസമൃദ്ധിക്ക് പിന്നില്‍.

ഇരുന്നൂറിലധികം വാഴ,വഴുതന,ചേമ്പ്,ഇഞ്ചി,ചീര,കോവല്‍,വെള്ളരി,പയര്‍ തുടങ്ങി ഇവിടെയില്ലാത്ത കൃഷികള്‍ ഒന്നുമില്ല. പതിനഞ്ച് വര്‍ഷമായി എന്നും രാവിലെ ഏലായിലേക്ക് എത്തുന്ന സുരേന്ദ്രന്‍നായരും ഭാര്യ രാജമ്മയും തിരിച്ച് പോകുന്നത് കൈ നിറയെ പച്ചക്കറികളുമായിട്ടാണ്.ഇതിന്റെ വിപണനവും ഇവരുടെ തന്നെ കടയിലായിട്ടാണ്.
 
പൊതു വിപണിയേക്കാള്‍ വിലക്കുറവിലുള്ള നാടന്‍ പച്ചക്കറികള്‍ സുരേന്ദ്രന്‍നായരുടെ കടയിലേക്ക് എത്തിച്ചാല്‍ പെട്ടെന്ന് തന്നെ അതിന്റെ വില്‍പ്പനയും നടക്കും.രാസവളങ്ങള്‍ ചേര്‍ക്കാതെ നാടന്‍ വളങ്ങളുമായിട്ടാണ് പച്ചക്കറികള്‍ കൃഷി ചെയ്തിരിക്കുന്നത്.
 
കഴിഞ്ഞ ആറ് മാസം കൊണ്ട് ഏഴുപതിനായിരത്തോളം രൂപയുടെ കോവയ്ക്ക മാത്രം ഇദ്ദേഹം സ്വന്തം കടയിലൂടെ വില്‍പ്പന നടത്തി.മണ്ണിനെ സ്‌നേഹിച്ച് കൃഷി ചെയ്താല്‍ പ്രതീക്ഷിക്കുന്നതിലുമപ്പുറം ലാഭം കിട്ടുമെന്നും സുരേന്ദ്രന്‍നായര്‍ തന്റെ അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.ചൂരക്കോട്ടുള്ളവര്‍ ഓണം ഉണ്ണുന്നതിന് ഊരുമഠത്തില്‍ ഏലായിലെ പച്ചക്കറികള്‍ ഇപ്പോഴേ പറഞ്ഞ് വച്ചിരിക്കുകയാണ്.