പന്തളം: പന്തളത്ത് നഗരസഭ ഗതാഗതം പരിഷ്‌കരിച്ചിട്ട് ഒന്നര വര്‍ഷമാകാറായിട്ടും ഇത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അപകടവും ഗതാഗതക്കുരുക്കും ഏറിയിട്ടും നഗരസഭാ അധികാരികള്‍ക്കോ പോലീസിനോ മോട്ടോര്‍വാഹന വകുപ്പിനോ കുലുക്കമില്ല.

പലഭാഗത്തും നോ പാര്‍ക്കിങ് ബോര്‍ഡിനു താഴെത്തന്നെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നു. വാഹനങ്ങള്‍ പന്തളം കവലയോടുചേര്‍ന്ന ഭാഗത്ത് നിര്‍ത്താതിരിക്കാനായി നോ പാര്‍ക്കിങ് ബോര്‍ഡ് വെച്ചിട്ടും അതിനു തൊട്ടുതാഴെയാണ് സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി.ബസുകളും നിര്‍ത്തിയിടുന്നത്.

നഗരസഭാ ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ട സ്ഥലങ്ങള്‍, നോ-പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവ കണ്ടെത്തി ഗതാഗതം പരിഷ്‌കരിക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, ഇപ്പോഴും പഴയ പാര്‍ക്കിങ് രീതി തുടരുകയാണ്. കഴിഞ്ഞദിവസം സ്വകാര്യ ബസിടിച്ച് സിഗ്നല്‍ ലൈറ്റുകൂടി തകര്‍ന്നതോടെ കുരുക്ക് പൂര്‍ണമായി.

സ്റ്റാന്‍ഡിലേക്ക് കയറാന്‍ ഇടുങ്ങിയ വഴി

നഗരസഭാ ബസ്സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറാനുള്ള വഴി വളരെ ഇടുങ്ങിയതാണ്. ഒരു ബസിന് കഷ്ടിച്ച് കയറിയിറങ്ങാന്‍ പാകത്തിനുള്ള രണ്ടു വഴിയിലൂടെയാണ് കയറിയിറക്കം. ഇതുതന്നെയാണ് യാത്രക്കാര്‍ക്കുള്ള വഴിയും.

മത്സര ഓട്ടത്തിനിടെ യാത്രക്കാര്‍ കയറുന്നതോ ഇറങ്ങുന്നതോ ഡ്രൈവര്‍മാര്‍ കാണാറില്ല. നാലുതവണയാണ് കവാടത്തില്‍വെച്ച് അപകടം ഉണ്ടായത്. രണ്ടുദിവസം മുമ്പ് പുന്തല സ്വദേശി ബസിറങ്ങിവരും വഴി പിന്‍ഭാഗം തട്ടിവീണ് മരിക്കുകയും ചെയ്തിരുന്നു. ബോര്‍ഡുകള്‍ പേരിന്

ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി നഗരസഭ പന്തളം കവലയില്‍ പലയിടത്തും ബോര്‍ഡുവെച്ചു. നോ പാര്‍ക്കിങ്, പാര്‍ക്കിങ് എന്നീ ബോര്‍ഡുകളാണ് കവലയില്‍നിന്നുള്ള നാല് വഴികളിലേക്കും വെച്ചിട്ടുള്ളത്. എന്നാല്‍, ഒരിടത്തും നിയമം പാലിക്കപ്പെടുന്നില്ല.

പന്തളത്ത് ബസുകള്‍ക്ക് സ്റ്റോപ്പ് ഡ്രൈവര്‍മാരുടെ ഇഷ്ടപ്രകാരമാണ്. തോന്നുന്ന സ്ഥലത്തൊക്കെ നിര്‍ത്തും. അതും റോഡിന്റെ നടുവില്‍. യാത്രക്കാര്‍ ബസിനുപിന്നാലെ ഓടുന്ന കാഴ്ച പണ്ടുമുതലെ പന്തളത്തുണ്ട്. രാവിലെ ഒരുസ്റ്റോപ്പ്, വൈകീട്ട് മറ്റൊരിടം, രാത്രി കവലയില്‍ത്തന്നെ എന്നതാണ് കണക്ക്.

പന്തളം കവലയ്ക്ക് പടിഞ്ഞാറ് പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിനു മുന്‍ഭാഗത്ത് കെ.എസ്.ആര്‍.ടി.സി.ഉള്‍പ്പെടെയുള്ള ബസുകള്‍ നിര്‍ത്താന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇപ്പോഴും അത് പാലിക്കുന്നില്ല. നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ കയറി ആളിനെക്കയറ്റി പുറത്തിറങ്ങുന്ന ബസുകള്‍ വീണ്ടും പുറത്ത് നോ പാര്‍ക്കിങ് ബോര്‍ഡുള്ള ഭാഗത്ത് നിര്‍ത്തിയിടുന്നു. പോലീസ് ഇത് നോക്കാറുകൂടിയില്ല. മനുഷ്യാവകാശ കമ്മിഷന് പരാതി

ഒന്നരവര്‍ഷം മുമ്പെടുത്ത ഗതാഗത പരിഷ്‌കാരം നടപ്പാക്കണം, കഴിഞ്ഞ ദിവസത്തെ അപകടത്തിന്റെ വെളിച്ചത്തില്‍ എത്രയുംവേഗം ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്-റഹിം പന്തളം, സാമൂഹിക പ്രവര്‍ത്തകന്‍