പന്തളം: കുളത്തിനാല്‍ ഗംഗാധരന്‍പിള്ള ഗുരുസ്വാമിയായുള്ള 22 അംഗ സംഘമാണ് തിരുവാഭരണപേടകങ്ങള്‍ ശിരസ്സിലേറ്റി ശബരീശ സന്നിധിയിലെത്തിക്കുന്നത്. എട്ടുവര്‍ഷമായി സംഘത്തിന്റെ ഗുരുസ്വാമിയാണ് കുളത്തിനാല്‍ ഗംഗാധരന്‍പിള്ള. മരുതമന ശിവന്‍പിള്ളയാണ് പൂജാപാത്രങ്ങളും കലശക്കുടവുമടങ്ങുന്ന വെള്ളിപ്പെട്ടി ശിരസ്സിലേറ്റുന്നത്. കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായര്‍ കൊടികളും ജീവതയുമടങ്ങുന്ന പെട്ടി എഴുന്നള്ളിക്കും. ഉണ്ണികൃഷ്ണന്‍, ഗോപാലകൃഷ്ണപിള്ള, രാജന്‍, ഗോപിനാഥക്കുറുപ്പ്, ഭാസ്‌കരക്കുറുപ്പ്, ഉണ്ണികൃഷ്ണപിള്ള, വിനോദ്, അശോകന്‍, വിജയന്‍, സുനില്‍, ഉണ്ണി, ഓമനക്കുട്ടന്‍, തുളസി, വിനീത്, മധു, പ്രവീണ്‍കുമാര്‍, ദീപു, രാജന്‍, പ്രശാന്ത് എന്നിവരാണ് സംഘാംഗങ്ങള്‍.

പന്തളത്തുനിന്ന് ഘോഷയാത്ര പുറപ്പെടുമ്പോഴും ശബരിമല സന്നിധാനത്തെത്തുമ്പോഴും പ്രധാനപ്പെട്ട സ്ഥലങ്ങളിലും തിരുമുഖമടങ്ങുന്ന പ്രധാന പെട്ടി ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും പൂജാപാത്രങ്ങളും സ്വര്‍ണക്കുടവും അടങ്ങുന്ന പെട്ടി മരുതമന ശിവന്‍പിള്ളയും കൊടികളും ജീവതയും നിറച്ച പെട്ടി കിഴക്കേ തോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായരുമാണ് ശിരസ്സിലേറ്റുന്നത്. സംഘത്തിലുള്ളവര്‍ മാറി മാറി പെട്ടികള്‍ ശിരസ്സിലേറ്റിയാണ് പരമ്പരാഗത പാതയിലൂടെ നടന്നുനീങ്ങുന്നത്.

വൃശ്ചികം ഒന്നുമുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വ്രതമെടുത്താണ് സംഘം ഘോഷയാത്രയ്‌ക്കൊരുങ്ങിയിരിക്കുന്നത്. സംഘാംഗങ്ങള്‍ ആഭരണപേടകങ്ങള്‍ മാറിമാറി ശിരസ്സിലേറ്റി ശബരീശ സന്നിധിയിലെത്തിക്കും. ആഭരണപ്പെട്ടികള്‍ തിരിച്ചും കാല്‍നടയായിട്ടാണ് കൊണ്ടുവരുന്നത്.