പന്തളം: ജനവരി 13ന് നടക്കുന്ന തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പന്തളം കൊട്ടാരത്തില്‍ തുടങ്ങിക്കഴിഞ്ഞു. രാജപ്രതിനിധിയായി ഘോഷയാത്രയെ നയിക്കുന്നത് മൂലംനാള്‍ പി.ജി.ശശികുമാര്‍ വര്‍മ്മയാണ്. ഇദ്ദേഹം തിരുവാഭരണ ദര്‍ശനത്തിനെത്തുന്നവരെ ഭസ്മം നല്‍കി അനുഗ്രഹിക്കുവാനായി കൊട്ടാരത്തിലുണ്ട്.
ഘോഷയാത്ര പുറപ്പെടാന്‍ ഒന്‍പതുദിവസം ബാക്കിനില്‍ക്കെ ദര്‍ശനത്തിനായി വന്‍തിരക്കാണനുഭവപ്പെടുന്നത്. ഞായറാഴ്ച തിരുവാഭരണ ദര്‍ശനത്തിനും ക്ഷേത്രദര്‍ശനത്തിനും അന്നദാനത്തില്‍ പങ്കെടുക്കാനുമായി നീണ്ട നിരയാണുണ്ടായിരുന്നത്.
കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള ഗുരുസ്വാമിയായുള്ള 22 അംഗ സംഘമാണ് തിരുവാഭരണപേടകങ്ങള്‍ ശബരീശസന്നിധിയിലെത്തിക്കുന്നത്. ഏഴു വര്‍ഷമായി സംഘത്തിന്റെ ഗുരുസ്വാമിയാണ് ഗംഗാധരന്‍പിള്ള. മരുതമന ശിവന്‍പിള്ളയാണ് പൂജാപാത്രങ്ങളും കലശക്കുടവുമടങ്ങുന്ന വെള്ളിപ്പെട്ടി ശിരസ്സിലേറ്റുന്നത്. കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന്‍നായര്‍ കൊടികളും ജീവതയുമടങ്ങുന്ന പെട്ടി എഴുന്നള്ളിയ്ക്കും.
തിരുവാഭരണ വാഹകസംഘത്തിലെ മറ്റംഗങ്ങള്‍-ഗോപാലകൃഷ്ണപിള്ള, ഉണ്ണികൃഷ്ണന്‍, ഗോപിനാഥക്കുറുപ്പ്, ഭാസ്‌കരക്കുറുപ്പ്, ഉണ്ണികൃഷ്ണപിള്ള, രാജന്‍, അശോകന്‍, വിജയന്‍,വിനോദ് കൊച്ചുപുര, ഉണ്ണി, ഓമനക്കുട്ടന്‍, വിനീത്, തുളസി, മധു, പ്രവീണ്‍കുമാര്‍, മഹേഷ്, രാജന്‍, സുനില്‍, ദീപു.
വൃശ്ചികം ഒന്നുമുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കഠിനവ്രതമെടുത്താണ് സംഘം ഘോഷയാത്രയ്‌ക്കൊരുങ്ങിയിരിക്കുന്നത്. സംഘത്തിന്റെ വിശദാംശങ്ങള്‍ ഗുരുസ്വാമി കൊട്ടാരം നിര്‍വ്വാഹക സംഘത്തിന് കൈമാറിക്കഴിഞ്ഞു. 13ന് യാത്ര പുറപ്പെടും മുന്പ് ഗുരുസ്വാമിയും സംഘാംഗങ്ങളും വലിയരാജാവിനെയും രാജപ്രതിനിധിയെയും കാല്‍തൊട്ടുവന്ദിച്ച് അനുഗ്രഹം വാങ്ങും.
ജനവരി 12 വരെ കൊട്ടാരത്തില്‍ ആഭരണങ്ങള്‍ ദര്‍ശിക്കുവാനാകും. 13 ന് പുലര്‍ച്ചെ 5 മുതല്‍ 12 വരെ വലിയകോയിക്കല്‍ ക്ഷേത്രത്തിലാണ് ദര്‍ശന സൗകര്യമുള്ളത്. 11.30ന് പന്തളം രാജരാജശേഖരമണ്ഡപത്തില്‍നിന്നും വലിയരാജാവിനെയും രാജപ്രതിനിധിയേയും ക്ഷേത്രത്തിലേക്ക് ആനയിക്കും. 12 ന് ക്ഷേത്ര നടയടച്ച് ഘോഷയാത്രയ്ക്കുള്ള ചടങ്ങുകളാരംഭിയ്ക്കും.