പന്തളം: പന്തളം പഴയ ബ്ലോക്കോഫീസില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഓഫീസുകള്‍കൂടി ഈ കെട്ടിടത്തില്‍നിന്ന് മാറ്റാന്‍ നീക്കം തുടങ്ങി. ക്ഷീരവികസന ഓഫീസും ഐ.സി.ഡി.എസ്. ഓഫീസുമാണ് ഇവിടെനിന്ന് മാറ്റി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശമുള്ളത്. പന്തളത്ത് സ്ഥലം തരപ്പെടാതെവന്നാല്‍ ഇത് കുളനടയിലേക്ക് മാറ്റാനും നീക്കങ്ങളുണ്ട്. അങ്ങനെവന്നാല്‍ ബ്ലോക്ക് പഞ്ചായത്തിനുപുറമെ പന്തളത്ത് പ്രവര്‍ത്തിക്കേണ്ട രണ്ട് ഓഫീസുകള്‍കൂടി കുളനടയിലേക്ക് മാറ്റപ്പെടും.
 
പന്തളത്തെ പഴയ ബ്ലോക്കോഫീസ് കെട്ടിടത്തിന്റെ പ്രധാന ഭാഗത്ത് ഇപ്പോള്‍ ഗ്രാമന്യാലയമാണ് പ്രവര്‍ത്തിക്കുന്നത്. ഗ്രാമവികസന കമ്മിഷണര്‍ക്കാണ് ഇതിന്റെ ചുമതല. ഇതിനോട് ചേര്‍ന്ന് താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ഓഫീസും മുകളിലത്തെ നിലയിലുള്ള ഐ.സി.ഡി.എസ്. ഓഫീസുമാണ് പറിച്ചുനടല്‍ ഭീഷണിയിലുള്ളത്.

പന്തളം ബ്ലോക്ക് പഞ്ചായത്തായിരുന്ന കാലം മുതല്‍ ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരികയാണ്. പന്തളം നഗരസഭയും തുമ്പമണ്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളും ഈ ഓഫീസുകളുടെ പരിധിയിലാണ്. ഓഫീസ് പന്തളത്തുതന്നെ നിലനിര്‍ത്തിയില്ലെങ്കില്‍ ഇവിടെയുള്ള പത്ത് ജീവനക്കാരും ഇതിന്റെ പരിധിയിലുള്ള 48 അങ്കണവാടികളിലെ ജീവനക്കാരും ഇവരുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന മറ്റു പ്രവര്‍ത്തനങ്ങളും മൂന്ന് കിലോമീറ്റര്‍ അപ്പുറമുള്ള കുളനടയിലേക്ക് മാറും.
 
ക്ഷീരവികസന ഓഫീസിലും ഇതുതന്നെയാണ് സ്ഥിതി. കുളനടയില്‍ ഇത്തരം രണ്ട് ഓഫീസുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. പുതിയ ഓഫീസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരുവിഭാഗത്തിനും വകുപ്പുകളില്‍ നിന്ന് കത്ത് നല്‍കിയിട്ടുണ്ട്. എവിടേക്ക് മാറണമെന്നറിയാതെ വിഷമിക്കുകയാണ് ഇവര്‍. ബ്ലോക്കോഫീസിന് മുന്‍ഭാഗത്തുള്ള മുറികള്‍ ഇവര്‍ക്കായി നല്‍കാമെന്ന് ബ്ലോക്ക് അധികാരികള്‍ തീരുമാനിച്ചെങ്കിലും ഈ മുറികള്‍ ആവശ്യപ്പെട്ട് നഗരസഭ ആദ്യമേ കത്ത് നല്‍കിയിട്ടുമുണ്ട്.

ഓഫീസുകള്‍ക്ക് സ്ഥലം പന്തളത്തുതന്നെ കണ്ടെത്തി നല്‍കാനായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ.യുടെ നേതൃത്വത്തിലും ശ്രമമുണ്ട്. ഇപ്പോള്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മുറികളുടെ നില വളരെ ശോചനീയവുമാണ്. മഴ പെയ്താല്‍ ഐ.സി.ഡി.എസ്. ഓഫീസില്‍ വെള്ളം നിറയും. ഫയലുകള്‍ നശിച്ചുപോകാതിരിക്കാനായി എല്ലാം പൊക്കത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൂടുകാലത്ത് ഷീറ്റ് ചുട്ടുപഴുത്ത് പൊള്ളിയും മഴക്കാലത്ത് ചോര്‍ച്ചയിലും വെള്ളക്കെട്ടിലും നനഞ്ഞുമാണ് ജീവനക്കാര്‍ കഴിയുന്നത്. മേല്‍ക്കൂരയില്‍ മരപ്പട്ടിയുടെ ശല്യവുമുണ്ട്. ഇത് തല്‍ക്കാലത്തേക്ക് നന്നാക്കി പ്രവര്‍ത്തനം നീട്ടാമെന്നുവെച്ചാല്‍ ആര് ഫണ്ട് വിനിയോഗിക്കുമെന്നതും പ്രശ്‌നമാണ്. പന്തളത്തുതന്നെ വാടകയ്ക്ക് ഉചിതമായ സ്ഥലം കണ്ടെത്തുകയെന്നതാണ് അധികാരികളുടെ മുന്നിലുള്ള മാര്‍ഗം.