പന്തളം: മാവര പാടം വിണ്ടുകീറി. നെല്‍കൃഷി കരിഞ്ഞുതുടങ്ങി. പന്തളം തെക്കേക്കര പഞ്ചായത്തില്‍പ്പെട്ട മാവര പുഞ്ചയിലെ കര്‍ഷകരാണ് ഒരുമാസമായ നെല്ലിനെ രക്ഷിക്കാന്‍ കനാല്‍വെള്ളം കാത്തിരിക്കുന്നത്. കൃഷിഭവന്‍ നല്‍കിയ ശ്രേയസ് നെല്ലിനമാണ് മാവര പാടത്തെ കര്‍ഷകര്‍ ഇത്തവണ പാടത്തിറക്കിയിരിക്കുന്നത്. ഞാറ് നട്ട് ഒരുമാസം പ്രായമായി കളനാശിനി അടിച്ചശേഷം വളപ്രയോഗം നടത്തേണ്ട സമയമാണ് ഇപ്പോള്‍. എന്നാല്‍, പാടം വിണ്ടുകീറി കിടക്കുന്നതിനാല്‍ ഒന്നും ചെയ്യാന്‍ കര്‍ഷകര്‍ക്കാകുന്നില്ല.

മാവര പാടത്ത് കൃഷിയാവശ്യത്തിന് വെള്ളമെത്തിക്കുന്നത് മാവര വലിയ ചാലില്‍നിന്നും തോട്ടില്‍നിന്നുമാണ്. വെള്ളം നിറഞ്ഞുകിടന്നിരുന്ന ചാലിലും തോട്ടിലും ഇപ്പോള്‍ ഒരുതുള്ളി വെള്ളമില്ല. പോളയും പുല്ലും ചെളിയും നിറഞ്ഞുകിടക്കുന്ന ചാലിലൂടെ വെള്ളം ഒഴുകാനും മാര്‍ഗമില്ല. കല്ലട ജലസേചന പദ്ധതിയുടെ കനാല്‍വെള്ളമാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. എന്നാല്‍, കഴിഞ്ഞ മൂന്നുവര്‍ഷമായി വേനല്‍ക്കാലത്ത് വെള്ളം കൂടുതല്‍ ആവശ്യമുള്ള സമയം കനാല്‍ തുറന്നുവിടാറില്ല. കഴിഞ്ഞ രണ്ടുവര്‍ഷവും വെള്ളം കിട്ടാതെ െനല്‍കൃഷി കരിഞ്ഞുനശിച്ചു.

30 ഏക്കര്‍ വരുന്ന മാവര പാടത്ത് നാലുവര്‍ഷമായി തരിശിട്ടിരുന്ന എട്ടേക്കര്‍ പാടം ഈവര്‍ഷമാണ് കൃഷിയിറക്കിയത്. 28 കര്‍ഷകരാണ് ഇത്തവണ കൃഷിചെയ്തിട്ടുള്ളത്. ദിവസം 500 രൂപയ്ക്ക് മോട്ടോര്‍ വാടകയ്‌ക്കെടുത്താണ് തോട്ടില്‍ ഊറിവരുന്ന വെള്ളം പാടത്തേക്കടിച്ചുകയറ്റുന്നത്. ഇത് ഒരുദിവസം ഒരു പാടത്തിനുപോലും തികയുകയുമില്ല. കനാലില്‍ വെള്ളമെത്തിയില്ലെങ്കില്‍ ഇത്തവണ മാവരപ്പാടത്ത് വലിയ കൃഷിനാശമുണ്ടാകാനിടയുണ്ടെന്ന് പാടശേഖരസമിതി പ്രസിഡന്റ് മോഹനന്‍പിള്ളയും സെക്രട്ടറി രവീന്ദ്രന്‍ നായരും പറഞ്ഞു.