ഓമല്ലൂര്‍: പന്ന്യാലി ഗവ. യു.പി.സ്‌കൂളിലെ കുട്ടികള്‍ ലോക ഫോട്ടോഗ്രാഫി ദിനം മറക്കില്ല. സ്വന്തമായി എടുത്ത ഫോട്ടോ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം പുതിയ അനുഭവമാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കിയത്. ജൈവവൈവിധ്യത്തിന്റെ വിസ്മയക്കാഴ്ചകളിലേക്ക് അവരുടെ ക്യാമറ കണ്‍തുറന്നു. സ്വയമെടുത്ത ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി നിരന്നപ്പോള്‍ പലര്‍ക്കും ആഹ്ലാദം അടക്കാനായില്ല. രക്ഷിതാക്കള്‍ക്കും സന്തോഷം.

കുട്ടികളില്‍ പാരിസ്ഥിതികാവബോധം വളര്‍ത്തുന്നതിന് സര്‍ക്കാര്‍ നല്‍കിയ വേനല്‍പ്പച്ച പുസ്തകത്തിന് അനുബന്ധ പഠന പ്രവര്‍ത്തനമായാണ് പരിപാടി നടത്തിയത്. എല്ലാ കുട്ടികളോടും പ്രകൃതിയിലെ ഇഷ്ടപ്പെട്ട ദൃശ്യം പകര്‍ത്തിവെയ്ക്കാന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളില്ലാത്തവര്‍ക്ക് ക്യാമറയും ഫോണും നല്‍കി. സ്‌കൂള്‍ പരിസരത്തുനിന്ന് ഫോട്ടോകള്‍ എടുക്കുന്നതിനും അവസരം നല്‍കി.

പ്രീ-പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള എല്ലാ എല്ലാ കുട്ടികളും ചിത്രങ്ങളെടുത്തു. ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയനാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ സ്‌കൂളിനെ സഹായിച്ചത്.

ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയര്‍പേഴ്‌സണ്‍ എലിസബത്ത് അബു ഉദ്ഘാടനം ചെയ്തു. കവി രാജേഷ് ചിത്തിര മുഖ്യപ്രഭാഷണം നടത്തി.