മാരാമണ്‍: സമൂഹം ഇന്നുനേരിടുന്ന രണ്ട് വലിയ പ്രശ്‌നങ്ങളാണ് ആദ്യദിനം മാരാമണില്‍ പ്രാധാന്യത്തോടെ മുഴങ്ങിയത്. അധ്യക്ഷനും ഉദ്ഘാടകനും വിശ്വാസികള്‍ക്ക് മുന്നില്‍വെച്ചത് പരിസ്ഥിതിയും മനുഷ്യബന്ധങ്ങളും. രണ്ടും രക്ഷിക്കുന്നത് അടിയന്തര ആവശ്യമാണെന്ന മുന്നറിയിപ്പും.

ആദ്യകാല കണ്‍വെന്‍ഷന്‍ നടന്ന ആറന്മുള മണല്‍പ്പുറത്തെ വിശേഷങ്ങള്‍ പറഞ്ഞാണ് ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത തുടങ്ങിയത്. പിന്നീട് മണല്‍പ്പുറം ശോഷിച്ചതോടെ സഹോദര സമുദായങ്ങളുടെ സഹായത്തോടെ മാരാമണിലേക്ക് കണ്‍വെന്‍ഷന്‍ മാറ്റി. ഈ മണല്‍പ്പുറം മാത്രം ശേഷിക്കുന്നു. ഇതിന് താഴെയും മേലെയുമുള്ള മണല്‍പ്പുറങ്ങള്‍ ഇല്ലാതായി. പുഴയിലെ വെള്ളം കണ്‍വെന്‍ഷന് എത്തിയിരുന്നവര്‍ കുടിച്ചിരുന്നു. ഇന്നത് പറ്റാതായി. വെള്ളം നശിക്കുന്നു. മനുഷ്യന്‍ സങ്കോചമില്ലാതെ മാലിന്യം പുഴയിലേക്ക് തള്ളുന്നു. മനുഷ്യന്‍ പ്രകൃതിയെ നശിപ്പിക്കുന്നു.

ഇതേ പോലെയാണ് മനുഷ്യന്‍ മനുഷ്യനോടും പെരുമാറുന്നത്. മാതാപിതാക്കളോടുള്ള അവഗണന തിരുത്താന്‍ സമയമായി. ഭാര്യയെയും മകളെയും തിരിച്ചറിയാതെപോകുന്നു. കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്നത് സഹിക്കാവുന്നതല്ല. ഇതെല്ലാം ദിവസവും കാണുന്നു. എന്നാണിത് തിരുത്തുക. ഒരു ജീവിയും കുഞ്ഞുങ്ങളോട് ഇത്ര ക്രൂരത കാണിക്കില്ല. വൈഭവമുള്ള മനുഷ്യന്‍ ഇത് മാറ്റാതെ പറ്റില്ല.

പമ്പയെ കരുതാതെ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അധ്യക്ഷത വഹിച്ച ഡോ. യൂയാക്കിം മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയും ഓര്‍മിപ്പിച്ചു. വീടുകളില്‍ സ്‌നേഹവും കരുതലും കുറയുന്നു. വേര്‍പിരിയല്‍ കൂടുന്നു. കുഞ്ഞുങ്ങള്‍ അനാഥരാകുന്നു. മൊബൈലിലേക്ക് കണ്ണും നട്ടിരിക്കുന്നവര്‍ അയല്‍ക്കാരനെ കാണുന്നില്ല. സൈബര്‍ ലഹരി നിയന്ത്രിക്കല്‍ സഭയുടെ പുതിയ വെല്ലുവിളിയാണ്. നവമാധ്യമ ദുരുപയോഗം അടക്കമുള്ളവയെ നേരിടാന്‍ മാര്‍ഗങ്ങള്‍ തേടണം. സെല്‍ഫി മാത്രമാണ് എല്ലാം എന്ന് കരുതുന്നവര്‍ ഒന്നും കാണുന്നില്ല. പ്രത്യാശ മുന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മാരാമണില്‍ ഇന്ന്
  • യോഗങ്ങള്‍ 10.00, 2.00, 6.30
  • ബൈബിള്‍ ക്ലാസ് രാവിലെ 7.30