മല്ലപ്പള്ളി: വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി കെ.എസ്.യു. വെള്ളിയാഴ്ച മല്ലപ്പള്ളിയില്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തിലെത്തി. ടൗണില്‍ നിന്ന് രാവിലെ പത്തുമണിയോടെതുടങ്ങിയ ജാഥ വിവിധവിദ്യാലയങ്ങള്‍വഴി നീങ്ങി. ഐ.എച്ച്. ആര്‍.ഡി.സ്‌കൂളിന് മുന്‍വശത്തെ അടക്കം ചില എസ്.എഫ്.ഐ.കൊടികള്‍ നശിപ്പിക്കപ്പെട്ടു. മല്ലപ്പള്ളി സി.ഐ.ഓഫിസിന് മുന്‍പില്‍വന്ന ശേഷം തിരികെ വണ്‍ വേ ആരംഭിക്കുന്ന ഭാഗെത്തത്തിയപ്പോഴാണ് ബഹളം തുടങ്ങിയത്.

പ്രകടനക്കാര്‍ക്കിടയിലേക്ക് ബൈക്കിലെത്തിയ ഒരു സി.പി.എം.പ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്നതായി പോലീസ് പറയുന്നു. ട്രാഫിക് ലൈറ്റിന് സമീപം നേരത്തെ നിലയുറപ്പിച്ചിരുന്ന സി.പി.എമ്മുകാര്‍ ഇവിടേക്ക് കുതിച്ചെത്തി. ഇരുപക്ഷവും ഏറ്റുമുട്ടിയതോടെ മല്ലപ്പള്ളി സി.ഐ.കെ.സലിം, കീഴ്വായ്പൂര്എസ്.ഐ.ബി.രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ലാത്തി വീശി. രണ്ട് സി.പി.എം. അംഗങ്ങളെയും 16 കെ.എസ്.യു. പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു.

പ്രകടനം നടത്തിയ കുട്ടികളെ ലാത്തിയും ചൂരലും കൊണ്ട് അടിച്ച പോലീസ് സി.പി.എമ്മുകാരോട് മൃദു സമീപനമാണ് സ്വീകരിച്ചതെന്ന് പരാതിയുണ്ട്. ജാഥയും കൊടിനശിപ്പിക്കലും എല്ലാ പാര്‍ട്ടികളും ചെയ്യാറുണ്ട്. മല്ലപ്പള്ളിയില്‍ വിദ്യാര്‍ഥികളുടെ ജാഥക്ക് നേരെ മുതിര്‍ന്ന സി.പി.എം. നേതാക്കള്‍ പോലീസിന്റെ തണലില്‍ കയ്യൂക്ക് കാട്ടുകയായിരുന്നെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രസാദ് ജോര്‍ജ് ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആറുമുതല്‍ ഉച്ചക്ക് രണ്ടുവരെ മല്ലപ്പള്ളി പഞ്ചായത്തില്‍ യു.ഡി.എഫ്.ഹര്‍ത്താല്‍ നടത്തും. പത്തിന് പ്രകടനവുമുണ്ട്.