കോന്നി: വനംവകുപ്പിന്റെ തേക്കടിയിലെ ആരണ്യകത്തില്‍ കയറണമെങ്കില്‍ കീശയ്ക്ക് കനം വേണം

പക്ഷേ, വനവികസനത്തിന്റെ പേരുവാലി ആരണ്യകത്തില്‍ ഭക്ഷണം കഴിക്കാന്‍ സാധാരണക്കാരനും കഴിയും. നാടന്‍വെളിച്ചെണ്ണയില്‍ ചുട്ടെടുക്കുന്ന പലഹാരങ്ങളും ചായയും കാപ്പിയും നാരങ്ങാവെള്ളവും അടങ്ങുന്നതാണ് ഇവിടത്തെ വിഭവങ്ങള്‍. പത്തുരൂപ നിരക്കാണ് ചായയ്ക്കും ഓരോ കടിക്കും ഈടാക്കുന്നത്. നാല് മാസം മുമ്പ് അതുമ്പുങ്കുളം, തണ്ണിതോട് റോഡിലെ പേരുവാലിയിലാണ് ചായപ്പീടിക തുടങ്ങുന്നത്.

കൊഴുക്കട്ട, വട്ടയപ്പം, ഇലയപ്പം, സുഖിയന്‍ എന്നിവയും ഇവിടെനിന്ന് കിട്ടും. കപ്പയും എല്ലുകറിയും മീന്‍കറിയും അടങ്ങിയ ഭക്ഷണവും വില്‍പ്പനയ്ക്ക് ഉണ്ട്. കപ്പയ്ക്കും എല്ലുകറിക്കും ആവശ്യക്കാര്‍ കൂടുതലാണ്. ഇവിടത്തെ ഭക്ഷണം കഴിക്കാനായി എത്തുന്നവരുണ്ട്. അടവി ഇക്കോ ടൂറിസത്തിലെ പേരുവാലിയില്‍ ആറ് വനിതകള്‍ ചേര്‍ന്നാണ് ആരണ്യകം തുടങ്ങിയത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് കച്ചവടം.

ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ വീട്ടില്‍നിന്ന് ഉണ്ടാക്കിയാണ് കൊണ്ടുവരുന്നത്. ചെറുകടികള്‍ക്ക് നല്ല തൂക്കവും ഉണ്ട്. വനയാത്രയ്ക്ക് ഇടയില്‍ ലഘുഭക്ഷണം കഴിച്ച് ഉന്മേഷം കിട്ടാന്‍ ഇവരുടെ ആഹാരത്തിന് കഴിയും. ദിനംപ്രതി ഏഴായിരം രൂപയാണ് വിറ്റുവരവ്. ഇനിയുള്ള മാസം വരവുെചലവുകള്‍ ബാങ്ക് മുഖാന്തരം ആക്കാനാണ് തീരുമാനം. രമ, സതിയമ്മ, സരിത, ലത, അജിത, രാജം എന്നിവരടങ്ങിയ വനിതാ കൂട്ടായ്മയാണ് ചായക്കടയുടെ നടത്തിപ്പുകാര്‍. മൂന്നുപേരടങ്ങിയ സംഘം ഒന്നിടവിട്ട ദിവസങ്ങളില്‍ കടയുടെ ചുമതല ഏറ്റെടുക്കും. ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. മരത്തണലില്‍ ഇരുന്ന് ആഹാരം കഴിക്കാനുള്ള സൗകര്യവും ഉണ്ട്. കപ്പയും മീന്‍കറിയും കടികളും കൂടുതലായി വേണ്ടവര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം. ഫോണ്‍: 9747384089.