കോന്നി: പറമ്പിലേക്കും വഴിയിലേക്കും പാഴ്വസ്തുക്കള്‍ വലിച്ചെറിയുന്നവര്‍ കുട്ടികളുടെ ഈ കലാവൈഭവം കണ്ടറിയണം. ജില്ലാ പ്രവൃത്തിപരിചയമേളയിലാണ് ഉപയോഗമില്ലാതെ വലിച്ചെറിയുന്ന വസ്തുക്കളുപയോഗിച്ച് കൗതുകം തോന്നുന്നതും പ്രയോജനപ്രദവുമായ വസ്തുക്കളുണ്ടാക്കിയത്. പ്ലാസ്റ്റിക് നിര്‍മാര്‍ജനം ചെയ്യുന്നതോടൊപ്പം അതിനെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുവാനാകുമെന്ന് കാണിച്ചുതരികയാണ് കുട്ടികള്‍.



കുപ്പിയുടെ അടപ്പു മുതല്‍ വണ്ടിയുടെ ടയറു വരെ


സോഡാക്കുപ്പിയുടെ അടപ്പു മുതല്‍ വാഹനങ്ങളുടെ ടയറു വരെ ഉപയോഗിച്ചാണ് വിവിധതരം വസ്തുക്കളുണ്ടാക്കിയത്. ടയറുകൊണ്ട് ഇരിപ്പിടം, പേപ്പര്‍ ഗ്ലാസുകൊണ്ട് ഗോപുരം, സൈക്കിള്‍ചക്രം കൊണ്ട് ടീപ്പോയ്, കുപ്പികൊണ്ട് പൂവും അക്വേറിയവും പേപ്പര്‍ പ്ലേറ്റുകൊണ്ട് ഘടികാരവും വിളക്കും പെന്‍ഹോള്‍ഡര്‍, അലങ്കാരവസ്തുക്കള്‍ എന്നിവ കുട്ടികള്‍ ഉണ്ടാക്കി.



പുട്ട് എട്ടുവിധം


അരിപ്പൊടി കൊണ്ടുമാത്രമല്ല ചക്കകൊണ്ടുവരെ പുട്ടുണ്ടാക്കിയാണ് കുട്ടികള്‍ മത്സരിച്ചത്. പഞ്ഞപ്പുല്‍, ചീര, മുളയരി, റാഗി, ചോളം, റവ, കൂമ്പ് എന്നിവയുപയോഗിച്ചുള്ള പുട്ടുകളാണ് ഉണ്ടാക്കിയത്. ചൊറുതണം തോരന്‍, പ്ലാവില തോരന്‍, ചക്കക്കുരു പായസം, കരിക്ക് പായസം, നറുനീണ്ടി പായസം, ചെമ്പരത്തിപ്പൂ പച്ചടി, വാഴപ്പിണ്ടി രസം, തുടങ്ങി പുതിയതരം വിഭവങ്ങള്‍ ജൂസുകള്‍, അച്ചാറുകള്‍, ജാം, നാടന്‍വിഭവങ്ങള്‍ എന്നിവ പാത്രത്തില്‍ നിരന്നു.



കളിമണ്ണില്‍ പൂച്ചയും ആനയും കര്‍ഷകനും


കളിമണ്‍ ഉപയോഗിച്ചുള്ള രൂപങ്ങളുണ്ടാക്കുന്നതിലും കുട്ടികളുടെ പ്രാഗല്ഭ്യം തെളിഞ്ഞു. എല്‍.പി. വിഭാഗക്കാര്‍ ഇരിക്കുന്ന പൂച്ചയെ ഉണ്ടാക്കിയപ്പോള്‍ തടിപിടിക്കുന്ന ആനയെയാണ് യു.പി.വിഭാഗം ഒരുക്കിയത്. ചൂണ്ടയിടുന്ന കര്‍ഷകനെ ഹൈസ്‌കൂള്‍ വിഭാഗക്കാരും പൈപ്പില്‍നിന്ന് വെള്ളമെടുക്കുന്ന സ്ത്രീയെ ഹയര്‍സെക്കന്‍ഡറി വിഭാഗക്കാരും മെനഞ്ഞെടുത്തു.



ചാരുകസേരയും മേശയും


തടിയിലെ പണിക്കാര്‍ക്ക് സമയം തികഞ്ഞില്ലെന്നാണ് പരാതി. പഴയ ചാരുകസേരയും െബഞ്ചും ഡെസ്‌കും ടീപ്പോയും ഡ്രസിങ് മേശയും ഷോക്കേസും വരെ അവര്‍ തടിയില്‍ ഉണ്ടാക്കിക്കാണിച്ചു. കട്ടിയുള്ള നൂലുപയോഗിച്ച് വല നെയ്തും തഴകൊണ്ട് പായയും ചകിരികൊണ്ട് മെത്തയും കുട്ടികള്‍ നിര്‍മിച്ചു.