കൊടുമണ്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പാലം യാഥാര്‍ഥ്യമായി. പക്ഷേ, റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ നാട്ടുകാര്‍ക്ക് പ്രയോജനമില്ല.
കൊടുമണ്‍ പത്താംവാര്‍ഡില്‍ വലിയതോടിനു കുറുകെ മഴുവഞ്ചേരിയില്‍ പാലം വേണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. പാലം വന്നെങ്കിലും പുത്തന്‍കാവില്‍മുതല്‍ രണ്ടാംകുറ്റിവരെ റോഡ് പൂര്‍ണമായും തകര്‍ന്നുകിടക്കുന്നതിനാല്‍ പാലം ഉണ്ടായതിന്റെ പ്രയോജനം യാത്രക്കാര്‍ക്കു കിട്ടുന്നില്ല.
ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിനെയും കൊടുമണ്‍-വയണകുന്ന് റോഡിനെയും ബന്ധിപ്പിക്കുന്ന എളുപ്പവഴിയാണ് പുത്തന്‍കാവില്‍-മഴുവഞ്ചേരി-രണ്ടാംകുറ്റി റോഡ്. മഴുവഞ്ചേരിമുതല്‍ രണ്ടാംകുറ്റിവരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ടാര്‍ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവിടം പൂര്‍ണമായും തകര്‍ന്ന് വലിയ കുഴികളാണ്. റോഡിന്റെ നടുവില്‍ക്കൂടി വെള്ളം കുത്തിയൊലിച്ച് വലിയ കല്ലുകള്‍ തെളിഞ്ഞു. വാഹനഗതാഗതം അസാധ്യമായിരിക്കുകയാണ്. പുത്തന്‍കാവില്‍മുതല്‍ മഴുവഞ്ചേരിവരെ വലിയ കുഴികളുണ്ട്.
ഏഴംകുളം, പറകോട്, പുതുമല, രണ്ടാംകുറ്റി ഭാഗങ്ങളിലുള്ളവര്‍ക്ക് കൊടുമണ്‍ പുത്തന്‍കാവില്‍ ദേവീക്ഷേത്രം, വൈകുണ്ഠപുരം ക്ഷേത്രം, ചിലന്തിയമ്പലം, ശക്തിഭദ്ര സാംസ്‌കാരികകേന്ദ്രം, കൈത്തറി കേന്ദ്രം, കൊടുമണ്‍ പ്ലാന്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണ് അധികൃതരുടെ അവഗണനയേറ്റു കിടക്കുന്നത്.