കൊടുമണ്‍: റബ്ബറിന്റെ വിലയിടിവും ടാപ്പിങ്ങിന് തൊഴിലാളികളെയും കിട്ടാതെവന്നപ്പോള്‍ കൊടുമണ്‍ രണ്ടാംകുറ്റിയില്‍ മംഗലത്ത് ടി.രാജേന്ദ്രന്‍ മറ്റൊന്നും ആലോചിച്ചില്ല. തന്റെ 1.66 ഏക്കര്‍ പുരയിടത്തിലെ റബ്ബര്‍ മരങ്ങള്‍ മുഴുവനും അദ്ദേഹം മുറിച്ചുമാറ്റി. അവിടെ ചീനി, ചേമ്പ്, കാച്ചില്‍, ചേന, ഇഞ്ചി, കുരുമുളക്, കമുക്, മാങ്കോസ്റ്റിന്‍ തുടങ്ങിയവ കൃഷിചെയ്തു. പുരയിടത്തോടുചേര്‍ന്നുള്ള വയലില്‍ കുളം കുത്തി മത്സ്യക്കൃഷിയും തുടങ്ങി.

റബ്ബര്‍കൃഷിയില്‍നിന്ന് തിരിച്ചടി നേരിട്ട രാജേന്ദ്രന്‍ പുതിയ കൃഷികള്‍ തുടങ്ങിയപ്പോള്‍ കാട്ടുപന്നിയുടെ രൂപത്തിലാണ് പുതിയ പ്രതിസന്ധിയെത്തിയത്. ചേനയും, കാച്ചിലും, ചീനിയും കാട്ടുപന്നികള്‍ നശിപ്പിച്ചുതുടങ്ങി. മറ്റു കൃഷികളും അവ കുത്തിയിളക്കി നശിപ്പിച്ചു.

രാജേന്ദ്രന്‍ തളരാന്‍ തയ്യാറായില്ല. 1.66 ഏക്കര്‍ വസ്തുവിന് ചുറ്റും ഇരുമ്പുതൂണുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചു. നല്ല ഉയരത്തില്‍ വസ്തുവിന് ചുറ്റും തകര ഷീറ്റുകള്‍ തൂണുകളില്‍ ഉറപ്പിച്ചു. 80,000 രൂപ ഇതിന് ചെലവായി.

കൊടുമണ്‍ പട്ടന്തറ ജങ്ഷനില്‍ മംഗലത്ത് സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്ന രാജേന്ദ്രന് കൃഷി എന്നും ഇഷ്ടമുള്ള കാര്യമാണ്. പല കര്‍ഷകരെയും കാട്ടുപന്നി ശല്യം കൃഷിയില്‍നിന്നും പുറകോട്ടുവലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തനിക്കു ചെലവായ തുക സര്‍ക്കാര്‍ തന്ന് സഹായിച്ചെങ്കില്‍ മാത്രമേ കൃഷി ലാഭകരമാകൂ എന്നും അദ്ദേഹം പറഞ്ഞു.