കലഞ്ഞൂര്‍: ജില്ലയിലെതന്നെ ഏറ്റവും വലിയ സര്‍ക്കാര്‍ വിദ്യാലയമാണ് കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. അഞ്ചുമുതല്‍ പ്ലസ് ടു വരെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും ഉള്‍പ്പെടെ മൂവായിരത്തോളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. പണി പാതിവഴിയില്‍ ഉപേക്ഷിച്ചു

നൂറിന്റെ നിറവില്‍ നില്‍ക്കുന്ന സ്‌കൂളിന് ശതാബ്ദി സമ്മാനമായിട്ടാണ് 2012-ല്‍ 1.24 കോടി രൂപ കെട്ടിട നിര്‍മാണത്തിനായി അനുവദിച്ചത്. ഒരുനിലയിലുള്ള കെട്ടിടംപണി പാതി വഴിയിലാക്കി ഈ ഫണ്ടും മാറി കരാറുകാരന്‍ മടങ്ങുകയും ചെയ്തു. ഇതുകാരണം പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ ഉദ്ഘാടനം പോലും നടത്താതെ സ്ഥലപരിമിതി കാരണം സ്‌കൂളധികൃതര്‍ ക്ലാസുകളും ആരംഭിച്ചു. മഴ പെയ്യുമ്പോഴാണ് ഇവിടെ വലിയ പ്രശ്‌നം. മേല്‍ക്കൂര ഇടാത്ത പടികളുടെ ഭാഗത്തുകൂടെ വെള്ളം ഒഴുകിവന്ന് ക്ലാസ്സ് മുറികളിലൊക്കെ നിറയുകയാണ്. പിന്നീട് ഇവിടെ ദിവസങ്ങളോളം ക്ലാസെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാകും. നിര്‍മാണം പൂര്‍ത്തീകരിക്കാത്ത കെട്ടിടം ഒരോ ദിവസവും അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്.

പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ

കെട്ടിടംപണി മുടങ്ങിയതും സ്‌കൂളിന് സ്ഥലപരിമിതി രൂക്ഷമായതും നിരവധി തവണ പി.ടി.എ., സ്‌കൂള്‍ വികസന സമിതി എന്നിവര്‍ അധികൃതരെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ച് സംസ്ഥാന ചീഫ് എന്‍ജിനീയര്‍ സ്‌കൂളിലെത്തി പരിശോധനയും നടത്തി. നവംബര്‍ മാസത്തില്‍ കരാറുകാരെ സ്‌കൂളില്‍ വിളിച്ചു വരുത്തി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പടികളുടെ ഭാഗത്ത് മേല്‍ക്കൂര ഇടാനും നിര്‍ദേശിച്ചിരുന്നു.

ആ പണികളും നടന്നില്ലെന്നു മാത്രമല്ല പണി നടത്തിയോ എന്ന് പരിശോധിക്കാനും അധികൃതര്‍ തയ്യാറായില്ല. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഇവിടെയെത്തുന്ന കുട്ടികളെ എവിടെ ഇരുത്തും എന്ന വിഷമത്തിലാണ് അധികൃതര്‍. കഴിഞ്ഞ വര്‍ഷം സ്റ്റേജില്‍വരെ കുട്ടികളെ ഇരുത്തി ക്ലാസെടുത്തിരുന്നു.

അടിയന്തര നടപടി വേണം

സ്ഥലപരിമിതി രൂക്ഷമായതിനാല്‍ ക്ലാസുകള്‍ നടത്തുന്നതിന് വളരെ ബുദ്ധിമുട്ടാണ്. ടെന്‍ഡര്‍ നടപടിവരെ പൂര്‍ത്തിയായ കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പധികൃതര്‍ തയ്യാറാകണം-എസ്.രാജേഷ് (സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്)