കടമ്പനാട്: പാറക്കുളങ്ങള്‍ മരണക്കയങ്ങളാകുമ്പോഴും അധികൃതര്‍ നടപടിയെടുക്കുന്നില്ല. ഏറത്ത്, കടമ്പനാട് പഞ്ചായത്തുകളിലായി ഏഴ് ക്വാറികളാണുള്ളത്. വന്‍തോതില്‍ പാറഖനനം നടത്തിയ ക്വാറികളില്‍ വന്‍ ഗര്‍ത്തങ്ങളാണ്. ഇവിടെയെല്ലാം വെള്ളംനിറഞ്ഞ നിലയിലാണ് രൂപപ്പെട്ടിട്ടുളള്ളത്.
 
ഭൂനിരപ്പില്‍നിന്ന് ആറുമീറ്ററിലധികം ഖനനം നടത്തുന്ന പ്രദേശത്ത് ഖനനം നടത്തിയതിനുശേഷം പൂര്‍വസ്ഥിതിയിലാക്കണമെന്ന നിര്‍ദേശം എവിടെയും പാലിക്കപ്പെട്ടിട്ടില്ല. കന്നിമലയിലെ പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന പാറക്കുളത്തില്‍, അമ്മയോടൊപ്പം കുളിക്കാന്‍ പോയ എട്ടുവയസ്സുകാരന്‍ വീണുമരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. 60 അടിയോളം താഴ്ചയുള്ള വെള്ളത്തില്‍ വീണാണ് കുട്ടി മരിച്ചത്. രണ്ടുവര്‍ഷം മുന്‍പ് ഇവിടെയൊരു പെണ്‍കുട്ടിയും കയത്തില്‍ മുങ്ങിമരിച്ചിരുന്നു.

പൊതുവഴിയില്‍നിന്ന് 150 മീറ്ററിനുള്ളില്‍ ഖനനം പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് ഒഴുകുപാറ കഴുത്തുംമൂട് റോഡിനുസമീപം കന്നിമലയില്‍ പാറഖനനത്തിന് അനുമതി നല്‍കിയത്. പരിസ്ഥിതി ആഘാതപഠനം നടത്താതെ പാറമടകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന സുപ്രീംകോടതി വിധിയിയെപ്പോലും മറികടന്നാണ് ക്വാറികളുടെ പ്രവര്‍ത്തനം. വികസനത്തിന്റെ പേരില്‍ രാഷ്ട്രീയ-ക്വാറി മാഫിയകള്‍ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് പാറഖനനത്തിന് നേതൃത്വം നല്‍കുന്നതെന്ന് ആക്ഷേപമുണ്ട്.
 
ജലക്ഷാമം രൂക്ഷമായ ഏറത്ത് കടമ്പനാട് പഞ്ചായത്തുകളില്‍ പാറക്കുളങ്ങളില്‍ കെട്ടിക്കിടക്കുന്ന ജലം ശുദ്ധീകരിച്ച് ഉപയോഗിക്കാന്‍ കഴിയുമെങ്കിലും നടപടിയെടുക്കുന്നില്ല. ഓരോ ജീവന്‍ പൊലിയുമ്പോഴും ക്വാറികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനോ മരണക്കയങ്ങളില്‍ അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാനോപോലും അധികൃതര്‍ തയ്യാറായിട്ടില്ല.