കടമ്മനിട്ട: അന്‍പത്തൊന്നക്ഷരം കൊണ്ടുള്ള അറിവ്. അറിവില്‍ നിന്ന് ഭയം മാറി. കാലന്‍കോലം പ്രൗഡിയോടെ തുള്ളിയൊഴിഞ്ഞുപോയ രാവിന് ശേഷം കാത്തിരിപ്പാണ് ആറാം രാവിനായി. കാലകാലനായ മഹാശിവന്റെ അനുഗ്രഹം നല്‍കുന്ന കാലന്‍കോലം വിശ്വാസപരമായും പ്രധാനമായി.

വ്യാഴാഴ്ചത്തെ രാവ് പടയണിയുടെ സുപ്രധാന ചടങ്ങായ അടവിയുടേതാണ്. കാവില്‍ വാഴുന്ന അമ്മയ്ക്ക് മുന്നില്‍ മക്കളായ കരക്കാര്‍ തങ്ങളുടെ നിവേദ്യം സമര്‍പ്പിക്കും. സര്‍വദോഷങ്ങളും തീര്‍ത്ത് രക്ഷിക്കണേ എന്ന പ്രാര്‍ഥന മുഴങ്ങും.

പഞ്ചവൃക്ഷങ്ങളിലൊന്നായ പന ആഘോഷപൂര്‍വ്വം എഴുന്നെള്ളിച്ചു കൊണ്ടു വരുന്നു. കളത്തില്‍ അഗ്നി കൂട്ടി ശംഖും മണിയും മുഴക്കി അടവി വിളിക്കും. ഇതോടെ കരക്കാര്‍ പനയുമായി വരാനുള്ള സമയമായി. ആര്‍പ്പ് വിളിച്ചാണ് വരവ്. അടവി ഉയര്‍ത്തി ആര്‍പ്പുവിളക്കുമ്പോള്‍ അസാധാരണമായ ഒരു സൗന്ദര്യത്തിലേക്ക് കളവും കാവും പ്രവേശിക്കും.

അടവി മറിച്ചിട്ട് പന തിരികെ കൊണ്ടു പോകുമ്പോള്‍ ചടങ്ങ് പൂര്‍ണമായി. പടയണിയുടെ ആദിമബീജരൂപമാണ് അടവി എന്ന് വിശ്വസിക്കുന്നു. ഒന്നാകും ദൈവം വാഴ്ക എന്ന അടവിയുടെ വായ്ത്താരിയില്‍ എല്ലാമുണ്ട്. ദൈവവും മനുഷ്യനും പ്രകൃതിയും വേറിട്ടതല്ലെന്ന തിരിച്ചിറിവ്.

ആറാം രാവില്‍ പക്ഷിക്കോലങ്ങളും എത്തും. എട്ടാം രാവിലും ഇതുണ്ട്. ഒറ്റപ്പാളയില്‍ തീര്‍ത്ത പക്ഷിമുഖത്തിന് നീണ്ടുവളഞ്ഞ ചുണ്ടുണ്ട്. കുരുത്തോല ചിറകും വീശിയാണ് വരവ്. കൃഷ്ണകഥാ സന്ദര്‍ഭമാണ് തുള്ളുന്നത്. ഉണ്ണിക്കണ്ണനെ വധിക്കാനെത്തിയ പക്ഷി ഒടുവില്‍ ഭഗവാന്റെ അനുഗ്രഹം വാങ്ങി മോക്ഷം പ്രാപിക്കുന്നു. ബാലരക്ഷയ്ക്കാണ് ഈ കോലം തുള്ളുന്നത്.

കടമ്മനിട്ടയില്‍ ഇന്ന്

ദേവീഭാഗവത പാരായണം 8.00

ഗാനമേള രാത്രി 8.00

പടയണി 11.00