അടൂര്‍​​ : പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകര്‍ന്നിട്ട് ആറ് മാസം പൂര്‍ത്തിയാകുന്നു. എം.സി. റോഡിലെ ഏറ്റവും പ്രധാന പാലമായിരുന്നു ഇത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ തുറന്ന് കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെ.എസ്.ടി.പി. അധികൃതര്‍ പറഞ്ഞു.

2017 ജനുവരി പത്തിന്‌ െവെകീട്ട് 5.30നാണ് പാലത്തില്‍ വിള്ളല്‍ കണ്ടത്.ഇതോടെ ഗതാഗതം നിരോധിക്കുകയായിരുന്നു.മൂന്ന് മാസത്തിനുശേഷം ഏപ്രില്‍ പത്തിനാണ് ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിനായി സൈന്യത്തിന്റെ സഹായത്തോടെ ബെയ്‌ലി പാലം തുറന്നുകൊടുത്തത്.പാലം തകരാറിലായിട്ട് ആറ് മാസമാകുമ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും വേഗം കൈവന്നിട്ടില്ല. ഇതിനിടയില്‍ കനത്തമഴ പെയ്ത് കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതും പണികള്‍ താമസിക്കുന്നതിന് കാരണമായി.

ഏനാത്ത് പാലം -നാള്‍വഴികള്‍

*2017 ജനുവരി 10.

ഏനാത്ത് പാലത്തിന് മധ്യഭാഗത്ത് വിള്ളല്‍ കണ്ടെത്തി.പാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങളും നിരോധിച്ചു. കാര്‍,ഇരുചക്രവാഹനങ്ങള്‍ക്ക് നിരോധനമില്ല

*ജനുവരി 14.

പാലത്തിന്റെ അവസ്ഥ വളരെ ഗുരുതരമെന്ന് ചെന്നെ ഐ.ഐ.ടി. യില്‍ നിന്നുള്ള വിദഗ്ധന്‍ ഡോ.അരവിന്ദ്. പാലത്തിലൂടെയുള്ള മുഴുവന്‍ വാഹന ഗതാഗതവും നിരോധിച്ചു.

*ജനുവരി 19.

ഏനാത്ത് പാലത്തിന് ബലക്ഷയം സംഭവിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും ഉറപ്പ് പരിശോധിക്കാന്‍ മന്ത്രിസഭാ തീരുമാനം.ആറ് മാസത്തിനകം ഏനാത്ത് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍

*ജനുവരി 23.

മണ്ണ് പരിശോധന ആരംഭിച്ചു.വിജിലന്‍സ് സംഘം പരിശോധന നടത്തി.

*ജനുവരി 31.

സ്റ്റീല്‍ നടപ്പാലം താത്കാലികമായി നിര്‍മ്മിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്)ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

*ഫെബ്രുവരി അഞ്ച്.

സില്‍ക്ക് ഉദ്യോഗസ്ഥരുടെ പരിശോധന വീണ്ടും. നടപ്പാലം പഴയ പാലത്തില്‍ നിര്‍മ്മിക്കാമെന്ന് ഉദ്യോഗസ്ഥര്‍. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ബെയ്‌ലി പാലം നിര്‍മ്മിച്ച് നല്കാന്‍ കേന്ദ്രസേന തയ്യാറെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഇതിനായി മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് കത്ത് നല്കി *ഫെബ്രുവരി ആറ്.

പുതിയ തൂണുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മണ്ണ് പരിശോധന പൂര്‍ത്തിയായി

*ഫെബ്രുവരി ഒന്‍പത്.

കരസേന ഏനാത്ത് പാലത്തില്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി ജി.സുധാകരന്‍ *ഫെബ്രുവരി 10

ഏനാത്ത് പാലത്തിന് സമീപം ബെയ്‌ലി പാലത്തിന്റെ സാധ്യതകള്‍ നോക്കുന്നതിനായി സൈന്യമെത്തി.പാലം നിര്‍മ്മിച്ച് നല്കാന്‍ തയ്യാറാണെന്നും അറിയിച്ചു.

*ഫെബ്രുവരി 13.

ബെയ്‌ലി പാലത്തിനായി തൂണ്‍ നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

*ഫെബ്രുവരി 14.

ബെയ്‌ലി പാലത്തിന്റെ തൂണ്‍ നിര്‍മ്മാണം ആരംഭിച്ചു.

*മാര്‍ച്ച് എട്ട്.

സൈന്യം പാലത്തിനുസമീപം അന്തിമ പരിശോധന നടത്തി.ഏപ്രില്‍ മാസം ബെയ്‌ലി പാലം തുറന്ന് നല്കുമെന്ന് സൈന്യം

*മാര്‍ച്ച് 22.

ബെയ്‌ലി പാലം നിര്‍മ്മാണത്തിനുള്ള സാധനങ്ങളുമായി സൈന്യമെത്തി

*ഏപ്രില്‍ 10.

സൈന്യം നിര്‍മ്മിച്ച ബെയ്‌ലി പാലം യാത്രയ്ക്കായി തുറന്നുകൊടുത്തു.