ഏനാത്ത്: കല്ലടയാറ്റില്‍ ജലനിരപ്പുയര്‍ന്നതോടെ ബെയ്‌ലി പാലത്തിലൂടെയുള്ള ഗതാഗതവും കാല്‍നടയാത്രയും നിരോധിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് ഗതാഗതവും കാല്‍നടയാത്രയും നിര്‍ത്തിവെച്ചത്. കാല്‍നടയാത്രക്കാര്‍ക്ക് ഏനാത്ത് പാലം കെ.എസ്.ടി.പി. ചൊവ്വാഴ്ച ഉച്ചയോടെ തന്നെ തുറന്നുകൊടുത്തു. രണ്ടുദിവസമായിപെയ്യുന്ന കനത്തമഴയില്‍ കല്ലടയാറ്റിലെ ജലനിരപ്പ് ചൊവ്വാഴ്ച ഉച്ചയോടെതന്നെ ക്രമാതീതമായി ഉയര്‍ന്നു. ഏനാത്ത് പാലത്തിന്റെ ഫ്‌ളാറ്റ്‌ഫോമില്‍കൂടി വൈകിട്ടോടെ വെള്ളംകരകവിഞ്ഞൊഴുകി.

ഇതോടെ പാലത്തിന്റെ ബലക്ഷയത്തിലായ തൂണ് മുറിച്ചുമാറ്റുന്നതടക്കമുള്ള പണികള്‍ നിര്‍ത്തിവെച്ചു. ബെയ്‌ലി പാലത്തിന്റെ താഴെവരെ വെള്ളം ഉയര്‍ന്നതോടെ ഗതാഗതം നിര്‍ത്തിവെയ്ക്കാന്‍ കെ.എസ്.ടി.പി. അധികൃതര്‍ നിര്‍ദേശം നല്‍കി. ആറ്റിലെ ജലനിരപ്പ് സംബന്ധിച്ച് ഏനാത്ത്, പുത്തൂര്‍ പോലീസും കെ.എസ്.ടി.പി. അധികൃതരും ഓരോ മണിക്കൂറും പരിശോധന നടത്തുന്നുണ്ട്.