ഏനാത്ത്: ബലക്ഷയത്തിലായ ഏനാത്ത് പാലത്തിന്റെ തൂണുകളുടെ നിര്‍മാണം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം. വ്യാഴാഴ്ച രാവിലെ 11ഓടെ പാലത്തിന്റെ തൂണുകളുടെ നിര്‍മാണപുരോഗതി വിലയിരുത്താനെത്തിയ പൊതുമരാമത്ത് സെക്രട്ടറി ബിജു പ്രഭാകറാണ് കെ.എസ്.ടി.പി. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഓഗസ്റ്റോടെ പണി പൂര്‍ത്തിയാക്കി ഓണത്തിനുമുന്‍പുതന്നെ പാലം ഗതാഗതയോഗ്യമാക്കണമെന്നാണ് നിര്‍ദേശം.

പാലത്തിന്റെ കുളക്കട ഭാഗത്തുനിന്നുള്ള ബലക്ഷയത്തിലായ ആദ്യത്തെ തൂണ് പൂര്‍ണമായും മുറിച്ചുമാറ്റി. താല്‍ക്കാലിക ഇരുമ്പുതൂണുകളില്‍ നില്‍ക്കുന്ന പാലത്തിന്റെ രണ്ടാമത്തെ ബലക്ഷയത്തിലായ തൂണ് മുറിച്ചുമാറ്റുന്ന പണി പുരോഗമിക്കുകയാണ്. പ്രത്യേകതരം ഇലക്ട്രിക് വാളുപയോഗിച്ചാണ് തൂണ് മുറിച്ചുമാറ്റുന്നത്.

രണ്ടാഴ്ചയ്ക്കകം തൂണ് പൂര്‍ണമായും പൊളിച്ചുനീക്കാന്‍ കഴിയുമെന്ന് കെ.എസ്.ടി.പി. അധികൃതര്‍ പറഞ്ഞു. രണ്ടാമത്തെ തൂണിന്റെ പൈലിങ് പണികളും ആരംഭിച്ചിട്ടുണ്ട്. ബലക്ഷയത്തിലായ ആദ്യ തൂണിന്റെ സ്​പാന്‍ ഉയര്‍ത്തുന്നതിനിടെ തൂണ് ചരിഞ്ഞതിനെ തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാഴ്ച അധികസമയം വേണ്ടിവന്നെങ്കിലും ഓഗസ്റ്റ് 30നു മുന്‍പുതന്നെ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് സെക്രട്ടറിയോട് കെ.എസ്.ടി.പി. അധികൃതര്‍ വിശദീകരിച്ചു.

കെ.എസ്.ടി.പി. ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ സി.ഡിക്രൂസ്, എസ്.ഇ. എസ്.ദീപു, ഇ.ഇ. ഗീത, എ.എക്‌സ്.ഇ. സന്ധ്യ, എ.ഇ. റോഷ്‌മോന്‍, ഇ.കെ.കെ. കമ്പനി പ്രതിനിധി എന്നിവരും ബിജു പ്രഭാകറിനൊപ്പമുണ്ടായിരുന്നു. ബെയ്‌ലി പാലത്തിന്റെ കുളക്കട ഭാഗത്തെ താണിനുചുറ്റും പാറയടുക്ക് സംരക്ഷണഭിത്തിയുടെ നിര്‍മാണവും തുടങ്ങിയിട്ടുണ്ട്.