ഏ​നാത്ത്: കല്ലടയാറ്റില്‍ പട്ടാളം ബെയ്‌ലിപാലത്തിന്റെ നിര്‍മാണം തുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് പാലംപണി തുടങ്ങിയത്. 14 എന്‍ജിനീയറിങ് റെജിമെന്റ് കമാന്‍ഡിങ് ഓഫീസര്‍ നീരജ് മാത്തൂര്‍, മേജര്‍ അനുഷ് കോശി എന്നിവരുടെ നേതൃത്വത്തില്‍ അന്‍പതോളം സൈനികരാണ് പാലം നിര്‍മിക്കുന്നത്. ആറിന്റെ ഇരുകരകളിലായി കുളക്കട, ഏനാത്ത് ഭാഗത്ത് നിര്‍മിച്ച തൂണുകളിലായി തിങ്കളാഴ്ച വൈകീട്ടോടെ പാലം ബന്ധിപ്പിച്ചു.

ഏനാത്ത് നിര്‍മിച്ചിട്ടുള്ള ഭാഗത്ത് തൂണില്‍നിന്ന് യോജിപ്പിച്ച പാലം ക്രെയിനിന്റെ സഹായത്തോടെ വീല്‍ബാറുകളില്‍കൂടി തള്ളിനീക്കിയാണ് മറുകരയിലെ തൂണുമായി ബന്ധിപ്പിച്ചത്. പാലം നിര്‍മാണം ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാകും.

പാലത്തില്‍ പ്‌ളാറ്റ്‌ഫോം നിര്‍മാണം പൂര്‍ത്തിയായാല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. 18 ടണ്‍ ഭാരമുള്ള ബെയ്‌ലിപാലത്തിലൂടെ ആംബുലന്‍സ് ഉള്‍പ്പെടെ അനുവദിക്കപ്പെട്ടിട്ടുള്ള ചെറിയ വാഹനങ്ങള്‍ കടത്തിവിടും. ഒരുസമയം ഒരേദിശയിലേക്ക് മാത്രമായിരിക്കും വാഹനങ്ങള്‍ കടത്തിവിടുക. അത്യാവശ്യഘട്ടങ്ങളില്‍ ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടത്തിവിടാന്‍ പാലത്തിന് ഉറപ്പുണ്ടെന്നാണ് സൈന്യം നല്‍കുന്ന സൂചന.

പാലത്തിന്റെ ഇരുവശത്തുമായി രണ്ടടി വീതിയില്‍ നടപ്പാതയും ഉണ്ടാകും. പാലത്തിന്റെ ഇരുകരകളിലുമായി സമാന്തര റോഡുകളുടെ നിര്‍മാണം കെ.എസ്.ടി.പി. പൂര്‍ത്തീകരിച്ചിരുന്നു. മണ്ണിട്ടുയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്ത റോഡില്‍ സിഗ്നല്‍ ലൈറ്റുകളും സ്ഥാപിച്ചു. പാലത്തിന്റെ നിര്‍മാണം കാണാന്‍ ഇരുകരകളിലുമായി ഒട്ടേറെ ആളുകള്‍ കൂടിയിരുന്നു. പാലം നിര്‍മാണസ്ഥലത്ത് സൈന്യത്തിന്റെ മെഡിക്കല്‍ സംഘവും സജ്ജമാണ്.