പത്തനംതിട്ട: സുപ്രീം കോടതി വിധി വന്നിട്ടും ജില്ലയില്‍ പരിസ്ഥിതി ആഘാത പഠനം നടത്താത്ത ക്വാറികള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നു. പലരും പാറ പൊട്ടിക്കല്‍ രാത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കടുത്ത ശബ്ദ മലിനീകരണത്താല്‍ പരിസരവാസികള്‍ക്ക് ഉറക്കം നഷ്ടമായിട്ടും ആരും ഇടപെടുന്നില്ല. എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
 
15 ക്വാറികള്‍ക്ക് മാത്രമാണ് ഈ മാനദണ്ഡം പാലിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അല്ലാത്തവ പഠനം നടത്തണമെന്ന് നിര്‍ദേശിക്കുക മാത്രമാണ് ഭരണകൂടം ചെയ്തിട്ടുള്ളത്. കോഴഞ്ചേരി പൊന്‍മല ക്വാറിയിലും മറ്റും നേരത്തെ റവന്യു അധികാരികള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുണ്ട്. പൊന്‍മല ക്ഷേത്രത്തില്‍നിന്ന് 100 മീറ്റര്‍ അകലെ വരെ മാത്രമേ പണി നടത്താവൂ എന്ന നിര്‍ദ്ദേശം ലംഘിക്കുന്നതായി സമരസമിതി ആരോപിച്ചു. ഇവിടെ വീണ്ടും സര്‍വേ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
 
ക്ഷേത്രത്തില്‍നിന്ന് കൃത്യമായ അകലം പാലിച്ചുവേണം ഖനനം എന്ന നിര്‍ദ്ദേശം ലംഘിച്ചതിന് പരിസ്ഥിതി ആഘാത പഠന അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഹൈക്കോടതി തല്‍ക്കാലം സ്റ്റേ ചെയ്തിരിക്കുന്നു. ഈ ക്വാറിയില്‍ പുറമ്പോക്ക് ഭൂമി കൈയ്യേറ്റം എന്ന ആക്ഷേപം അന്വേഷിച്ചുവരുന്നുണ്ട്. ചിറ്റാറിലെ ക്വാറിക്ക് പരിസ്ഥിതിപഠനം നടത്താത്തതിനാല്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എന്നാല്‍, ക്രഷറിന് അനുമതിയുണ്ട്. ഇതിന്റെ മറവില്‍ ക്വാറി രാത്രി പ്രവര്‍ത്തിക്കുന്നു എന്നാണ് പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ പരാതി. അവര്‍ കഴിഞ്ഞ ദിവസം ജനകീയ സദസ്സും നടത്തി. പമ്പ മലിനമാക്കുന്നത് അടക്കമുള്ള പരാതികളാണ് ക്വാറിക്കെതിരെ ഉയരുന്നത്.

ചുങ്കപ്പാറയിലെ ക്വാറിയില്‍ നിന്നുള്ള വമ്പന്‍ ലോറികള്‍ പൊന്തന്‍പുഴ-ചുങ്കപ്പാറ റോഡ് തകര്‍ക്കും വിധം ഓടിക്കൊണ്ടിരിക്കുകയാണ്. ഭാരപരിധി ലംഘിച്ചുള്ള ഇവയുടെ ഓട്ടം മോട്ടോര്‍ വാഹനവകുപ്പും പോലീസും നോക്കുന്നില്ല. ഈ ക്വാറി രണ്ടുതോടുകള്‍ നശിപ്പിച്ചുകഴിഞ്ഞു. പൊന്തന്‍പുഴ വനത്തിലേക്ക് നാശം ഉണ്ടാക്കും വിധമാണ് പ്രവര്‍ത്തനം. വനംവകുപ്പും പരിശോധനയ്ക്കു തയ്യാറാകുന്നില്ല.