അയിരൂര്‍: സാധാരണക്കാരന്റെ ശബ്ദമാകാന്‍ കഴിയുകയും അതിന് പ്രേരണ നല്‍കുകയും ചെയ്യുന്നവനാണ് മനുഷ്യ സ്‌നേഹിയെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പുതിയ വഴികള്‍ കണ്ടെത്തി യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് ജീവിതവിജയം സാധ്യമായിട്ടുണ്ട്. നട്ടെല്ലുള്ളവന്‍ എന്നത് അര്‍ഥം വയ്ക്കുന്നത് ധൈര്യം ഉള്ളവന്‍ എന്നാണ്. രാമനും കൃഷ്ണനും ധൈര്യശാലികളായിരുന്നു. അവരെക്കുറിച്ച് വായിച്ചറിഞ്ഞ് കിട്ടിയ ധൈര്യമാണ്, ഡല്‍ഹിയില്‍ കൈയേറി പണിത 14,310 കൊട്ടാരങ്ങളും ഉന്നതനേതാവിന്റെ രണ്ടുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുളള കെട്ടിടവും പൊളിച്ച് നീക്കാന്‍ തനിക്ക് ധൈര്യം നല്‍കിയത്.
 
പോരാടാന്‍ ധൈര്യം കാട്ടുന്നവന് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെങ്കിലും പരാജയം ഉണ്ടാകില്ല. അയിരൂര്‍-ചെറുകോല്‍പ്പുഴ പരിഷത്ത് നഗര്‍ പരിസരം ആധുനികവല്‍ക്കരിക്കാന്‍ ആവശ്യമുള്ള പണം കേന്ദ്ര ടൂറിസം വകുപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മനുഷ്യജന്മം ലഭിക്കുകയെന്നത് സുകൃതമാണന്ന് സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെ.എന്‍.ഗോവിന്ദാചാര്യ അഭിപ്പായപ്പെട്ടു. ഹിന്ദു ദൈവങ്ങളെ അവഹേളിക്കാന്‍ ശ്രമിക്കുന്ന കപട മതേതരവാദികള്‍ക്ക് കാലം മറുപടി നല്‍കുമെന്ന് ഈ വര്‍ഷത്തെ വിദ്യാധിരാജ പുരസ്‌കാര ജേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു.