ിരുവല്ല: തെളിനീരും പുഴമീനും ഇല്ലാതാക്കി നദിയില്‍ നഞ്ച് കലക്കുന്നു. പുഴമീന്റെ രുചിക്കൊപ്പം നഞ്ചിന്റെ വിഷവും നാവിലെത്തും. പമ്പാനദിയിലും കൈവഴികളിലും നഞ്ച് കലക്കി മീന്‍പിടിത്തമുണ്ട്. അപ്പര്‍കുട്ടനാട്ടിലാണ് വ്യാപകം. ആലപ്പുഴയുമായി അതിരിടുന്ന നദിയില്‍ അന്തിമയങ്ങിയാല്‍ ഇരുകരകളില്‍നിന്നും ചെറുവള്ളത്തില്‍ മീന്‍കൊള്ളക്കാര്‍ എത്തുകയായി. നീരേറ്റുപുറം പാലം മുതല്‍ തോമാടി തോടുവരെയുള്ള പമ്പാനദീഭാഗത്ത് നഞ്ചുകലക്കി മീന്‍പിടിത്തമുണ്ട്. വിഷക്കായ അരച്ച് തുരിശും ഫുരഡാന്‍, മണ്ണെണ്ണ എന്നിവയുമായി ചേര്‍ത്താണ് നഞ്ച് മിശ്രിതം തയ്യാറാക്കുന്നത്. പൊള്ളുന്ന ചുടാണീമിശ്രിതത്തിന്. മീനുള്ള ഭാഗത്ത് ആറ്റിലെ വെള്ളത്തില്‍ ഇത് കലര്‍ത്തും. കണ്ണില്‍ ചൂടും വിഷച്ചൂരുമേറ്റ് പ്രാണവേദനയിലോടുന്ന മീനെക്കാത്ത് വലവിരിച്ചിട്ടുണ്ടാവും.
നഞ്ച് കലക്കുന്നതിനും പ്രത്യേക രീതിയുണ്ട്. മത്സ്യബന്ധനത്തിന് പോകുന്ന വള്ളത്തിന്റെ ഊന്നുകോലിനടിയിലാണ് നഞ്ച് കിഴികെട്ടിവയ്ക്കുന്നത്. ആറ്റരികിലെ കല്‍ക്കെട്ടുകള്‍ക്കിടയില്‍ കിഴികെട്ടിയഭാഗം കുത്തും. തുണിക്കിഴിയിലൂടെ സാവധാനമേ മിശ്രിതം കലരൂ. അരികുഭാഗം ചേര്‍ത്ത് കുറുെകയും നെടുെകയും വലയിട്ടിട്ടുണ്ടാകും. വലിയ മീനുകള്‍ക്ക് വലവെട്ടിച്ചുപോകല്‍ അസാധ്യം. അഥവാ വെട്ടിച്ചുകടക്കുന്നവ വിഷമേറ്റ് ചത്തുപൊങ്ങും. കരിമീന്‍, ചെമ്പല്ലി, വാള, കുറുവ എന്നുവേണ്ട ചുറ്റുവട്ടത്തെ ചെറുമീനുകള്‍വരെ ഇരകളാകും.വലുതിനെ മാത്രം മതി നഞ്ച് കലക്കുന്നവര്‍ക്ക്. കഴിഞ്ഞ ദിവസം ഒറ്റരാത്രിയില്‍ 102 കിലോ പുഴമീനാണ് നാലംഗസംഘം നീരേറ്റുപുറത്ത് പിടിച്ചത്.
നഞ്ച് കലക്കുകയാേണാ മീന്‍പിടിക്കുകയാണോ എന്നൊന്നും സാധാരണക്കാര്‍ക്ക് തിരിച്ചറിയാനാവാത്തവിധമാണ് പ്രവര്‍ത്തന രീതി. നാട്ടുമ്പുറത്തുള്ളവര്‍ തന്നെയായതിനാല്‍ പ്രതികരിക്കാനും പലരും മടിക്കുന്നു. പരമ്പരാഗത മത്സ്യ തൊഴില്‍ ചെയ്യുന്നവരെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിഷം കലക്കി കൊള്ളക്കാര്‍ മീന്‍കോള് കൊണ്ടുപോകുമ്പോള്‍ ചൂണ്ടയും വലയുമായി മീന്‍പിടിക്കാന്‍ എത്തുന്നവര്‍ക്ക് രാത്രി ഉറക്കം നഷ്ടമാകുന്നത് മിച്ചം. മത്സ്യ സമ്പത്ത് നശിപ്പിക്കുന്നതിനൊപ്പം തെളിനീര് ഇല്ലാതാക്കുന്നതിനും അപ്പര്‍കുട്ടനാട്ടില്‍ നഞ്ചിന് പ്രധാന സ്ഥാനമുണ്ട്. ചെറുമീനുള്‍െപ്പടെ ചത്തുപൊങ്ങുന്നവ അഴുകി ജലം മലിനമാക്കുന്നു. വിഷം പരന്ന ആറ്റുകടവില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും പുകച്ചിലും ഫലം. ചുവന്ന നിറത്തില്‍ ശരീരം തടിക്കും. കുളിക്കാന്‍ പറ്റാത്തവെള്ളം തിളപ്പിച്ച് കുടിക്കാന്‍പോലും പറ്റില്ല.