പൊടിയാടി: ജനവാസകേന്ദ്രത്തിന് മധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എം-സാന്‍ഡ് നിര്‍മാണ ശാലയില്‍നിന്ന് പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതായി പരാതി ഉയരുന്നു. നെടുമ്പ്രം പഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ മുറിഞ്ഞ ചിറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്ലാന്റിന് എതിരെയാണ് പരിസരവാസികള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

എം-സാന്റ് നിര്‍മാണത്തിനുവേണ്ടി പാറപ്പൊടി കഴുകി ശുദ്ധീകരിച്ച ശേഷം ബാക്കി വരുന്ന പൊടി കലര്‍ന്ന മലിനജലമാണ് മലിനീകരണത്തിന് കാരണമാകുന്നത്. പുറത്തേക്കൊഴുകുന്ന ജലം സമീപത്തെ കൃഷിയിടങ്ങളില്‍ വ്യാപിക്കുന്നത് കൃഷിനാശത്തിന് ഇടയാക്കുന്നു.

സമീപ പറമ്പുകളിലെ തെങ്ങ്, വാഴ, കപ്പ തുടങ്ങിയ കൃഷികള്‍ക്കാണ് ഇത് ഭീഷണിയാകുന്നത്. കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ കരനെല്‍കൃഷിയും കഴിഞ്ഞവര്‍ഷം നശിച്ചു. രാസ വസ്തുക്കള്‍ കലര്‍ന്ന വെള്ളം പരക്കുന്നതുമൂലം കര്‍ഷിക വിളകളുടെ വേര് അഴുകുന്നതാണ് കൃഷിനാശത്തിന് ഇടയാക്കുന്നത്.

പ്ലാന്റിന്റെ പരിസരത്ത് കുട്ടന്‍ കോളനിയടക്കം നൂറോളം വീടുകളാണുള്ളത്. മലിനജലത്തിന്റെ വ്യാപനം സമീപത്തെ കിണറുകളെയും മലിനപ്പെടുത്തുന്നുണ്ട്. പമ്പാനദിയുടെ കൈവഴിയായ മണിപ്പുഴ തോട് പ്ലാന്റിന് പിന്നിലൂടെയാണ് ഒഴുകുന്നത്. ഈ തോട്ടിലേക്ക് ഒഴുകുന്ന മലിനജലം നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

മലിനജലം സംഭരിക്കുന്നതിന് ആവശ്യമായ സംവിധാനം പ്ലാന്റില്‍ ഇല്ലാത്തതാണ് പ്രശ്‌നത്തിന് കാരണം. പാറപ്പൊടി കലര്‍ന്ന മെഴുക് പരുവത്തിലുള്ള മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് കോരിയെടുത്ത് പ്രദേശത്തെ റോഡുകളില്‍ തള്ളുന്നതായും നാട്ടുകാര്‍ പറയുന്നു. മെറ്റില്‍ പൊടിക്കുമ്പോള്‍ ഉയരുന്ന വലിയ ശബ്ദവും അസഹ്യമാകുന്നുണ്ട്.കമ്പനി പറയുന്നത്


മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിയമങ്ങള്‍ പാലിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.


69പ്ലാന്റില്‍നിന്ന് പുറത്തേക്കൊഴുകിയ മലിനജലം സമീപത്തെ കൃഷിസ്ഥലത്ത് കെട്ടികിടക്കുന്നു