അടൂര്‍: എഴുതാനും വരയ്ക്കാനും കൈകള്‍ വേണമെന്നത് പഴങ്കഥ. കണ്ണിലെ കൃഷ്ണമണിയുടെ ചലനത്തിനനുസരിച്ച് ഇനി ആര്‍ക്കും എഴുതാം വരയ്ക്കാം. ശരീരം തളര്‍ന്ന് കിടക്കുന്നവര്‍ക്ക് പോലും കൃഷ്ണമണിയുടെ ചലനത്താല്‍ ഇതിനു സാധിക്കുമെന്ന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി.എന്‍ജിനീയറിങ് കോളേജിലെ അഞ്ച് വിദ്യാര്‍ഥികള്‍ പറയും. അഡ്വാന്‍സ്ഡ് ഐ റൈറ്റര്‍ എന്ന ഉപകരണമാണ് ഇതിനായി അവര്‍ വികസിപ്പിച്ചെടുത്തത്.
ഇലക്ട്രോണിക്‌സ് വിഭാഗം ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ ടി. അനൂപ്, അഞ്ജന വല്‍സലന്‍, എയ്ഞ്ചല്‍ റിച്ചാര്‍ഡ് സിംസണ്‍, ദിവ്യശ്രി, ചിപ്പി ചന്ദ്രന്‍ എന്നിവര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ എന്‍.ഷാനിന്റെ നേതൃത്വത്തിലാണ് നേത്ര നിയന്ത്രിതമായ ഈ അത്യാധുനിക ഉപകരണം കണ്ടുപിടിച്ചത്.
പക്ഷാഘാതത്താല്‍ ശരീരം തളര്‍ന്നവര്‍ക്കും ചലനശേഷി ഇല്ലാത്തവര്‍ക്കും കൈകളില്ലാത്തവര്‍ക്കും വളരെയേറെ പ്രയോജനം ചെയ്യുന്ന കണ്ടുപിടിത്തമാണിത്. ഉപകരണത്തിന്റെ മധ്യഭാഗത്തും വശങ്ങളിലുമായി ഘടിപ്പിച്ചിരിക്കുന്ന ഇന്‍ഫ്രാ റെഡ് കിരണങ്ങള്‍ പുറപ്പെടുവിക്കുന്ന എല്‍.ഇ.ഡി. ശ്രോതസ്സുകളും സെന്‍സറും ഇന്‍ഫ്രാ റെഡ് ഫില്‍റ്ററോട് കൂടിയ ഹൈ റെസല്യൂഷന്‍ ലെന്‍സ് ഘടിപ്പിച്ചിട്ടുള്ള പി.എസ്. 3 ഐ ക്യാമറയുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍.
സ്വതന്ത്ര സോഫ്റ്റ് വെയറിനെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണത്തിന്റെ സഹായത്താല്‍ കണ്ണിലെ കൃഷ്ണമണിയുടെ വേഗതയ്ക്കനുസരിച്ച് എഴുതാനും വരയ്ക്കാനും കഴിയുമെന്നും ഇവര്‍ പറയുന്നു. കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിനും കാലിബ്രേറ്റ് ചെയ്യിപ്പിക്കുന്നതിനും ഉള്‍െപ്പടെയുള്ള പ്രാരംഭ ക്രമീകരണങ്ങള്‍ക്ക് മറ്റൊരാളുടെ സഹായം ആവശ്യമാണ്. അതിനു ശേഷം ശരീരം തളര്‍ന്നയാള്‍ക്ക് പോലും പരസഹായമില്ലാതെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ ദൃഷ്ടികള്‍ പായിച്ച് എഴുതുകയും നിറങ്ങള്‍ ഉപയോഗിച്ച് വരയ്ക്കുകയും ചെയ്യാം. ദൃഷ്ടികളുടെ ചലനത്തെ പിന്‍തുടരുന്ന ക്യാമറയും അനുബന്ധ സോഫ്റ്റവെയറും കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ കഴ്‌സറിനെ ചലിപ്പിക്കും. കഴ്‌സറിന്മേല്‍ ദൃഷ്ടി പതിപ്പിക്കുന്ന സമയദൈര്‍ഘ്യം ക്രമപ്പെടുത്തി സ്‌ക്രീനിലുള്ളത് സെലക്ട് ചെയ്യുന്നതിനും യഥേഷ്ടം ചലിപ്പിക്കുന്നതിനും സാധിക്കും. വിന്‍ഡോസ് പ്ലാറ്റ് ഫോമിലാണ് ഈ ഉപകരണം അടൂര്‍ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനീയറിങ് കോളേജിലെ യുവ എന്‍ജിനീയര്‍മാര്‍ വികസിപ്പിച്ചെടുത്തത്.