അടൂര്‍: പള്ളിക്കല്‍ പഞ്ചായത്തിലെ പാറക്കൂട്ടം, ഒഴുകുപാറ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച വീശിയടിച്ച ചുഴലിക്കാറ്റില്‍ എട്ടുവീടുകള്‍ തകര്‍ന്നു. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയും നശിച്ചിട്ടുണ്ട്. വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വയോധികയായ സ്ത്രീക്ക് തലയ്ക്ക് പരിക്കേറ്റു. ഒഴുകുപാറയില്‍ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. ഇവരെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒഴുകുപാറ പടിഞ്ഞാറ്റേക്കര പൊടിയമ്മ, മണിയന്‍, കോമളാലയം തങ്കപ്പന്‍, ഒഴുകുപാറയില്‍ ജോര്‍ജ്, തങ്കമ്മ ഒഴുകുപാറ, അജി ഭവനം ചന്ദ്രമതി, രാഘവന്‍ കോരമംഗലത്ത് കിഴക്കേതില്‍, മന്നാ ഭവനം റോസമ്മ, കോരമംഗലത്ത് മണിക്കുട്ടന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.

മിക്ക വീടിന്റെയും മേല്‍ക്കൂര വളരെ ദൂരത്തേക്ക് പറന്നുപോയി. പുല്ലുകുന്നില്‍ കറുത്തകുഞ്ഞ്, തെക്കേപ്ലാവിളയില്‍ ജോസ്, കോരമംഗലത്ത് സുഭാഷ്, മുരളി ശ്രീനിലയം, കുമ്പിളുവിള കുഞ്ഞുമോന്‍ എന്നിവരുടെ കൃഷിയും നശിച്ചിട്ടുണ്ട്. മിക്കവരും സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ്.

ഇതിനൊപ്പം ചര്‍ച്ച് ഓഫ് ഗോഡിന്റെ പള്ളി, ഒഴുകുപാറ അപ്പൂപ്പന്‍ ക്ഷേത്രം എന്നിവയുടെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന വീടുകള്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ., ആര്‍.ഡി.ഒ. എം.എ.റഹീം, തഹസില്‍ദാര്‍ അലക്‌സ് പി.തോമസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബീനാ എസ്.ഹനീഫ, വാര്‍ഡംഗം രാജമ്മ, സന്തോഷ് പാപ്പച്ചന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.