അടൂര്‍: ഇരുളില്‍നിന്ന് പ്രകാശവഴിയിലേക്ക് നയിക്കുന്ന വഴിവിളക്ക് പോലെ ദീപ്തമാണ് ഡോ.സൂസന്‍ മാത്യുവിന്റെ ജീവിതം. സെറിബ്രല്‍ പാള്‍സി എന്ന രോഗം കാരണം ഭിന്നശേഷിയുള്ളവനായി ജനിച്ച മകന്‍ ജ്യോതിഷിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനൊപ്പം നൂറ് കണക്കിന് കുഞ്ഞുങ്ങളെയും ഈ അമ്മ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

മണക്കാല ദീപ്തി സ്‌പെഷ്യല്‍ സ്‌കൂള്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടറാണ് ഡോ.സൂസന്‍മാത്യു മകന്‍ ജ്യോതിഷിനൊപ്പം മറ്റ് 177 കുട്ടികളും ഇവിടെ ഉണ്ട്. സൂസന്‍ മാത്യുവിനൊപ്പം ഭര്‍ത്താവ് ഡോ.മാത്യു വര്‍ഗീസും ഉണ്ട്. ഇവരുടെ രാപ്പകലില്ലാത്ത സേവനത്തിലൂടെയാണ് നൂറ് കണക്കിന് കുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. മണക്കാല ശാലോം വീട്ടില്‍ സൂസന് 2003 മെയ് ഒന്‍പതിനാണ് നാലാമത്തെ കുഞ്ഞായി ജ്യോതിഷ് ജനിക്കുന്നത്. ജനിച്ച് എട്ടുമാസം കഴിഞ്ഞിട്ടും സാധാരണ കുഞ്ഞുങ്ങളുടെത് പോലെ പ്രതികരണം ഇല്ലാതെ വന്നപ്പോഴാണ് ജ്യോതിഷിന് തലച്ചോറില്‍ സെറിബ്രല്‍ പാള്‍സി എന്ന രോഗം ബാധിച്ചുവെന്ന് തിരിച്ചറിഞ്ഞത്. പിടി വിട്ടാല്‍ കുഞ്ഞ് മറിഞ്ഞ് വീഴുന്ന അവസ്ഥ. ദേഹം ചലിപ്പിക്കാന്‍ കഴിയുന്നില്ല. ഇത് പറയുമ്പോള്‍ തന്നെ ഡോ.സൂസന്‍ മാത്യുവിനും ഡോ.മാത്യു വര്‍ഗീസിനും കണ്ണുകള്‍ നിറഞ്ഞു.

ചികിത്സകളുടെ ഫലമായി മൂന്നാം വയസ്സിലാണ് ജ്യോതിഷ് ചെറുതായി നടക്കാന്‍ തുടങ്ങിയത്. 2006-ല്‍ സൂസന്‍ മാത്യു തിയോളജിയില്‍ ഡോക്ടറേറ്റ് എടുക്കാന്‍ ലണ്ടനിലേക്ക് പോയി. ഒപ്പം കുടുംബവും ലണ്ടനിലെത്തി. അവിടെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ചൈല്‍ഡ് ഡവലപ്പമെന്റ് സെന്റര്‍ ജ്യോതിഷിനെ ഏറ്റെടുത്തു. ഇതിനിടയില്‍ ജ്യോതിഷിനെ മണിപ്പൂരിലെ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയും ചെയ്തു. മണക്കാലയിലെ സെമിനാരിയോട് ചേര്‍ന്ന് 2009 ലാണ് ഒറ്റമുറിയില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സെന്റര്‍ ഫോര്‍ ചില്‍ഡ്രണ്‍ വിത്ത് സെറിബ്രല്‍ പാള്‍സി എന്ന കേന്ദ്രം തുടങ്ങിയത്. ഡോ.സൂസന്റെ നേതൃത്വത്തിലുള്ള സംഘം വീടുകള്‍ കയറിയിറങ്ങി 16 കുട്ടികളെ സെന്‍ന്ററില്‍ പ്രവേശിപ്പിച്ചു. ഒരു ഡോക്ടറുടെ നേതൃത്വത്തില്‍ സൗജന്യ ഫിസിയോതെറിപ്പിയും ചെയ്തു.

2010ല്‍ സെന്റര്‍ ദീപ്തി സ്‌പെഷ്യല്‍ സ്‌കൂളായി മാറി. ഈ വര്‍ഷം തന്നെ ഡോ.സൂസന് ഷൈന്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് അവാര്‍ഡും ലഭിച്ചു. 2014ല്‍ സ്‌പെഷ്യല്‍ സ്‌കൂളായി സര്‍ക്കാര്‍ അംഗീകാരവും കിട്ടി. കളി ചിരിയുടെ ലോകം ദീപ്തി സ്‌കൂളിലേക്ക് കടന്നു ചെല്ലുമ്പോള്‍ തന്നെ എല്ലാവരെയും സ്വീകരിക്കാന്‍ സൂസന്‍ മാത്യം ഓടിയെത്തും. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ട്രോം, മാനസിക വെല്ലുവിളി എന്നിവ ബാധിച്ച കുട്ടികളുടെ കളിചിരികളുടെ ലോകമാണ് ഇന്ന് ദീപ്തി സ്‌കൂള്‍.

177 കുട്ടികളുടെയും 40 ജീവനക്കാരുടെയും ഹായ് വിളികള്‍ കേട്ട് ഓരോ ക്ലാസിലേക്ക് എത്തി കുട്ടികളുടെ ടീച്ചറമ്മ അവരെ സ്‌നേഹത്തോടെ ലാളിക്കുകയാണ്. ഒപ്പം ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരിക എന്ന ചികിത്സയും ഇതിലൂടെ നടപ്പിലാക്കുകയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ കാഴ്ച വൈകല്യമുള്ള കുട്ടികളെയും ഇവിടെ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണവും ചികിത്സയും പഠനവും നല്‍കുന്നുണ്ട്. ദിവസവും രാവിലെ നാല് ബസുകള്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ എത്തി കുട്ടികളെ കൂട്ടിക്കൊണ്ട് പോകുന്നു. രക്ഷകര്‍ത്താക്കള്‍ക്കും ഇടയ്ക്കിടെ പ്രത്യേക പരിശീലനവും കാണും. എങ്കില്‍ മാത്രമെ കുട്ടികളെ പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കുവെന്ന് ഡോ.സൂസന്‍ മാത്യു പറഞ്ഞു.